ന്യൂഡൽഹി: ഓൺലൈൻ ടാക്സി സർവീസ് കമ്പനിയായ ഊബർ ഇന്ത്യയിലെ 600 മുഴുവൻ സമയ ജീവനക്കാരെ പിരിച്ചുവിട്ടു. ഊബറിന്റെ ആഗോള തലത്തിലെ തൊഴില്‍ വെട്ടിച്ചുരുക്കലിന്റെ ഭാഗമായാണ് ഊബര്‍ ഇന്ത്യയുടെയും നടപടിയന്ന് ദക്ഷിണേഷ്യ പ്രസിഡന്റ് പ്രദീപ് പരമേശ്വരന്‍ അറിയിച്ചു. ഡ്രൈവര്‍, റൈഡര്‍ സപ്പോര്‍ട്ട് ഓപ്പറേഷനുകള്‍ എന്നീ തസ്തികകളെയാണ് കമ്പനി വെട്ടിക്കുറച്ചത്.
ബാധിതരായ എല്ലാ ജീവനക്കാർക്കും കുറഞ്ഞത് 10 ആഴ്ചത്തെ ശമ്പളം, അടുത്ത ആറ് മാസത്തേക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയും നൽകുമെന്ന് കമ്പനി അറിയിച്ചു. ”ഊബർ കുടുംബത്തെയും കമ്പനിയിലെ എല്ലാവരെയും വിട്ടുപോകുന്ന സഹപ്രവർത്തകർക്ക് സങ്കടകരമായ ദിവസമാണ്. വിട്ടുപോയ സഹപ്രവർത്തകരോട് ക്ഷമ ചോദിക്കുന്നു. ഒപ്പം നൽകിയ സംഭാവനകൾക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു,” പരമേശ്വരന്‍ പറഞ്ഞു.
Read Also: വരുമാനം കുത്തനെ ഇടിഞ്ഞു; ഒല 1400 ജീവനക്കാരെ പിരിച്ചുവിടുന്നു
ആദ്യ ഘട്ടത്തിൽ 3700 ജീവനക്കാരെ പിരിച്ചു വിട്ട ഊബർ, രണ്ടാം ഘട്ടത്തിൽ 3000 ജീവനക്കാരെ കൂടി പിരിച്ചു വിട്ടിരുന്നു. ജീവനക്കാർക്ക് അയച്ച ഇ-മെയിലിലാണ് ഊബർ സിഇഒ ദാര ഖോസ്രോഷാഹി ഇക്കാര്യം അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ആഗോളതലത്തിൽ 6,700 ജീവനക്കാരെയാണ് ഊബർ പിരിച്ചുവിട്ടത്.
ലോക്ക്ഡൗണിനെ തുടർന്ന് വരുമാനം കുത്തനെ ഇടിഞ്ഞതോടെ ഓൺലൈൻ ടാക്സി സർവീസ് കമ്പനിയായ ഒല 1400 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ഭവീശ് അഗര്‍വാള്‍ ജീവനക്കാർക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 95 ശതമാനമാണ് വരുമാനം ഇടിഞ്ഞതെന്ന് കമ്പനി സിഇഒ ഭവീശ് അഗര്‍വാള്‍ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
Read Also: COVID-19 impact: After Ola, Uber to lay off 600 employees in India