മുംബൈ: ലോക്ക്ഡൗണിനെ തുടർന്ന് വരുമാനം കുത്തനെ ഇടിഞ്ഞതോടെ ഓൺലൈൻ ടാക്സി സർവീസ് കമ്പനിയായ ഒല 1400 ജീവനക്കാരെ പിരിച്ചുവിടുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 95 ശതമാനമാണ് വരുമാനം ഇടിഞ്ഞതെന്ന് കമ്പനി സിഇഒ ഭവീശ് അഗര്‍വാള്‍ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ടാക്സി, ധനകാര്യ സേവനങ്ങൾ, ഭക്ഷ്യ ബിസിനസുകൾ എന്നീ മേഖലകളിൽനിന്നുളള ജീവനക്കാരെയായിരിക്കും പിരിച്ചുവിടുകയെന്നാണ് റിപ്പോർട്ട്.

സാമ്പത്തിക പ്രതിസന്ധി കാരണമാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ഭവീശ് അഗര്‍വാള്‍ ജീവനക്കാർക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. ബിസിനസിന്റെ ഭാവി വളരെ അവ്യക്തവും അനിശ്ചിതത്വത്തിലുമാണെന്നും ഈ പ്രതിസന്ധിയുടെ ആഘാതം തീർച്ചയായും ദീർഘകാലത്തേയ്ക്ക് കമ്പനിയെ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കൊറോണ വൈറസിനെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങൾ കാരണം സർവ്വീസുകളുടെ ഡിമാൻഡ് ഇടിഞ്ഞതിനെ തുടർന്ന് ഓൺലൈൻ ടാക്സി സേവന ദാതാക്കളായ ഊബർ രണ്ടാംഘട്ട പിരിച്ചു വിടൽ പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ 3700 ജീവനക്കാരെ പിരിച്ചു വിട്ട കമ്പനി, ഇക്കുറി 3000 ജീവനക്കാരെ കൂടി പിരിച്ചു വിടുകയാണ്. ജീവനക്കാർക്ക് അയച്ച ഇ-മെയിലിലാണ് ഊബർ സിഇഒ ദാര ഖോസ്രോഷാഹി ഇക്കാര്യം അറിയിച്ചത്.

Read Also: ഊബർ മൂവായിരം ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

ഏപ്രിലിൽ ആഗോളതലത്തിൽ ഊബറിന്റെ വരുമാനം 80 ശതമാനം കുറഞ്ഞതിനെ തുടർന്നാണ് പുതിയ നടപടികൾ. കൊറോണ വൈറസ് പകർച്ചവ്യാധി വകവയ്ക്കാതെ ലാഭമുണ്ടാക്കാനുള്ള ശ്രമത്തിൽ ഊബർ ടെക്നോളജീസ് തങ്ങളുടെ പ്രധാന ബിസിനസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 23 ശതമാനം തൊഴിലാളികളെ വെട്ടിക്കുറയ്ക്കുകയും ചെയ്യുമെന്ന് ദാര ഖോസ്രോഷാഹി തിങ്കളാഴ്ച ജീവനക്കാർക്ക് അയച്ച ഇ-മെയിലിൽ പറഞ്ഞു.

നേരത്തേ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ, കമ്പനിയിലെ 13 ശതമാനം ജീവനക്കാരോട് പിരിഞ്ഞുപോവാൻ ആവശ്യപ്പെടുമെന്ന് അറിയിച്ചിരുന്നു. സൊമാറ്റോ സിഇഒ ദീപേന്ദർ ഗോയൽ ജീവനക്കാർക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.

Read in English: COVID-19 impact: Ola to layoff 1,400 employees as revenues crash 95 per cent

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook