ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനകള്‍ നടത്തുന്നതിന് അഞ്ച് ലക്ഷം ആന്റിബോഡി കിറ്റുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആരംഭിച്ചു. തെക്കന്‍ കൊറിയയുടെ മാതൃക പിന്തുടരുന്നതിനാണ് ഇന്ത്യയുടെ ശ്രമം. രോഗമുണ്ടോയെന്ന് സ്‌ക്രീന്‍ ചെയ്യുന്നതിന് സെറോളോജിക്കല്‍ പരിശോധന നടത്തുന്നതിനാണ് ആന്റിബോഡി കിറ്റുകള്‍ വാങ്ങുന്നത്. ദക്ഷിണ കൊറിയയില്‍, ഈ പരിശോധന ധാരാളമായി നടത്തി രോഗപ്രതിരോധ നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് വൈറസിന്റെ വ്യാപനം വലിയതോതില്‍ തടയാന്‍ കഴിഞ്ഞിരുന്നു.

ഒരു രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്ന് ക്വാറന്റൈനില്‍ കഴിയുന്നവരില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരില്‍ കോവിഡ്-19-ന്റെ ആന്റിബോഡി ടെസ്റ്റിങ് വഴി സ്‌ക്രീനിങ് നടത്തുമ്പോള്‍ ഏതാനും മണിക്കൂറിനുള്ള ഫലം ലഭ്യമാകുമെന്ന് നിംഹാന്‍സിന്റെ ന്യൂറോവൈറോളജി വിഭാഗം തലവനായ ഡോക്ടര്‍ എന്‍.രവി പറയുന്നു.

Read Also: കോവിഡ്-19: മരണം ഒഴിവാക്കാന്‍ ചെയ്യേണ്ട ആറ് കാര്യങ്ങള്‍; ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍

”വൈറസിന്റെ ജനിതക വസ്തുവായ ആര്‍എന്‍എ കണ്ടെത്തുന്നതിനുള്ള പരമ്പരാഗത ആര്‍ടി-പിസിആര്‍ പരിശോധനയാണ് ഇന്ത്യയില്‍ ചെയ്യുന്നത്. ശരീരത്തില്‍ വൈറസ് കടന്നിട്ടുണ്ടെങ്കില്‍ അതിനോട് ശരീരം പ്രതികരിക്കുന്നതിനെ ആന്റിബോഡി പരിശോധന വഴി അറിയാം. ആര്‍ടി-പിസിആര്‍ നേരിട്ടുള്ള തെളിവ് നല്‍കുമ്പോള്‍ രണ്ടാമത്തേത് പരോക്ഷമായ തെളിവ് നല്‍കുന്നു. അതിനാല്‍, ധാരാളം ആളുകള്‍ ക്വാറന്റൈനില്‍ കഴിയുകയും എല്ലാവര്‍ക്കും ആര്‍എന്‍എ പരിശോധന നടത്താന്‍ കഴിയാതെ വരികയും ചെയ്യുമ്പോള്‍ ആന്റിബോഡി പരിശോധന നടത്തി സ്‌ക്രീന്‍ ചെയ്യാന്‍ സാധിക്കും,” അദ്ദേഹം പറയുന്നു.

”പിസിആര്‍ കിറ്റുകളുടെ ലഭ്യത വളരെ കുറവായത് കാരണം പരിശോധന സങ്കീര്‍ണവും വിലയേറിയതയും സമയമെടുക്കുന്നതുമാണ്. തെക്കന്‍ കൊറിയ വിദേശ യാത്ര, സമ്പര്‍ക്ക ചരിത്രമുള്ള പൗരന്‍മാരില്‍ ആന്റിബോഡി കിറ്റ് ഉപയോഗിച്ച് സെറോളോജിക്കല്‍ പരിശോധ വഴി സ്‌ക്രീന്‍ ചെയ്തു. വൈറസുമായി സമ്പര്‍ക്കത്തില്‍ വന്നോയെന്നുള്ളതിന്റെ സൂചന ആന്റിബോഡി നല്‍കും. പരിശോധന ഫലം പോസിറ്റീവ് ആകുകയാണെങ്കില്‍ സ്വാബ് ശേഖരിച്ച് പിസിആര്‍ കിറ്റ് ഉപയോഗിച്ച് ആര്‍എന്‍എ പരിശോധന നടത്താം,” ഡോ.രവി പറയുന്നു.

Read Also: രാജ്യത്ത് ഇതുവരെ സമൂഹ വ്യാപനം ഇല്ല; പോസിറ്റീവ് കേസുകളുടെ വർദ്ധന കുറയുന്നു: സർക്കാർ

ആന്റിബോഡി പരിശോധനയുടെ നേട്ടം വളരെ ലളിതമാണ്. ഒരു തുള്ളി രക്തം മതി. ഒന്ന് രണ്ട് മണിക്കൂറില്‍ ഫലം ലഭിക്കുകയും ചെയ്യും. ചില കിറ്റുകള്‍ക്ക് രക്തം മുഴുവന്‍ വേണ്ടി വരും. മറ്റു ചിലതിന് സെന്‍ട്രിഫ്യൂജ് ചെയ്ത രക്തം മതിയാകും. എന്നാല്‍ ഓര്‍ക്കേണ്ടൊരു കാര്യം, ഈ പരിശോധനയിലൂടെ ഒരാള്‍ക്ക് കോവിഡ്-19 ബാധിച്ചോ എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കുകയില്ല. ഇത് സ്‌ക്രീനിങ്ങിനുവേണ്ടി മാത്രമുള്ളതാണ്, അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ദിബ്രുഗഢ്, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ഭോപ്പാല്‍, ഡല്‍ഹി എന്നിവിടങ്ങളിലെ പരിശോധന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്നതിനാണ് അഞ്ച് ലക്ഷം കിറ്റുകള്‍ ഉപയോഗിക്കുക. കൂടാതെ, ഏഴ് ലക്ഷം ആര്‍എന്‍എ കിറ്റുകള്‍ സംഭരിക്കുന്നതിനുള്ള നടപടി ക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

കുറഞ്ഞ കാലയളവില്‍ കൂടുതല്‍ സംശയകരമായ രോഗികളെ കണ്ടെത്തുന്നതിന് സെറോളോജിക്കല്‍ പരിശോധന സഹായിക്കുമെന്നും എന്നാല്‍ അത് മാസ് ടെസറ്റിങ്ങിനുള്ള മാര്‍ഗമല്ലെന്നും രവി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook