കോവിഡ് പ്രതിരോധ മരുന്നായ ‘കോവാക്സിൻ’ ഓഗസ്റ്റ് 15ന് പുറത്തിറക്കുമെന്ന പ്രഖ്യാപനം സംബന്ധിച്ച് ആശങ്കളുടെ ആവശ്യമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ (ഐസിഎംആർ). “ഫാസ്റ്റ് ട്രാക്ക് വാക്സിൻ വികസനത്തിനുള്ള ആഗോളതലത്തിൽ അംഗീകരിച്ച മാനദണ്ഡങ്ങൾക്കനുസൃതമായാണ്” രാജ്യത്ത് കോവിഡ് വാക്സിൻ വികസനം മുന്നോട്ട് പോവുന്നതെന്ന് ഐസിഎംഐർ പ്രസ്താവനയിൽ വിശദീകരിച്ചു. വാക്സിൻ ഓഗസ്റ്റിൽ ലഭ്യമാക്കാനാവും പ്രഖ്യാപനത്തെക്കുറിച്ച് ശാസ്ത്ര രംഗത്തുനിന്നുള്ളവർ സംശയങ്ങളുന്നയിക്കുന്നതിനിടെയാണ് ഐസിഎംആർ പുതിയ വിശദീകരണവവുമായി രംഗത്തെത്തിയത്.

“ഏറെക്കുറേ അസാധ്യമായ സമയപരിധിയിൽ” ആണ് പൊതുജനങ്ങളുടെ ആരോഗ്യത്തിനായി ഉപയോഗത്തിനായി ഒരു വാക്സിൻ തയ്യാറാക്കുന്നതെന്ന് ശാസ്ത്ര രംഗത്തുള്ളവർ വിമർശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച വിശദീകരണങ്ങളടങ്ങിയ പ്രസ്താവന ഐസിഎംആർ പ്രസിദ്ധീകരിച്ചത്. മഹാമാരികൾക്കെതിരേ മനുഷ്യരിലും മൃഗങ്ങളിലും മരുന്നു പരീക്ഷണങ്ങൾ സമാന്തരമായി നടത്താൻ കഴിയുന്ന , ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഫാസ്റ്റ്ട്രാക്ക് വാക്സിൻ വികസന മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഐസി‌എം‌ആറിന്റെ പ്രക്രിയ, ” എന്ന് പ്രസ്താവനയിൽ പറയുന്നു.

Read More: കോവിഡ് വാക്‌സിൻ ഓഗസ്റ്റ് 15 ന്; ഐസിഎംആറിന്റെ നിര്‍ദ്ദേശം യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതെന്ന് വിദഗ്ദ്ധര്‍

പ്രഖ്യാപിച്ച സമയപരിധിക്കുള്ളിൽ വാക്സിൻ പുറത്തിറക്കുന്നതിനായി അതിന്റെ ഗുണ നിലവാരത്തിലും ഫലപ്രാപ്തി നൽകുന്നതിനുള്ള കഴിവിലും വിട്ടുവീഴ്ച ചെയ്യാൻ സാധ്യതയുണ്ടെന്ന തരത്തിലും ആശങ്കകൾ പ്രചരിച്ചിരുന്നു. പൂനെയിലെ ഐസിഎംആർ ലബോറട്ടറിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഹൈദരാബാദ് ആസ്ഥാനമായ മരുന്നു കമ്പനിയായ ഭാരത് ബയോടെകിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത കോവാക്സിൻ എന്ന കാൻഡിഡേറ്റ് വാക്സിനാണ് കോവിഡ് മരുന്ന് പരീക്ഷണത്തിനായി ഉപയോഗികക്കുന്നത്. ഓഗസ്റ്റ് 15ന് മരുന്ന് പൊതുജനങ്ങൾക്കായി ലഭ്യമാക്കണമെന്ന് കോവക്സിൻ ക്ലിനിക്കൽ ട്രയലുകൾ നടത്താൻ തിരഞ്ഞെടുത്ത 12 ആശുപത്രികൾക്ക് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ എഴുതിയ കത്തിൽ പരാമർശിക്കുന്നുണ്ട്.

മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട ആശങ്കകളെ സ്വാഗതം ചെയ്യുന്നതായി ഐസിഎംആർ പ്രസ്താവനയിൽ പറയുന്നു. “ഇന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കൽ പ്രൊഫഷണലുകളും ഗവേഷണ ശാസ്ത്രജ്ഞരും അവരുടെ പ്രൊഫഷണലിസത്തിലും ഉയർന്ന ശാസ്ത്രീയ മികവിലോ മറ്റാർക്കും പിറകിലല്ല” എന്ന് ഐസിഎംആർ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ജനങ്ങളുടെ സുരക്ഷയ്കക്കും താൽപ്പര്യത്തിനും മുൻ‌ഗണന നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഐസി‌എം‌ആർ വ്യക്തമാക്കി.

Read More: കോവിഡിനുള്ള റെംഡിസിവിര്‍ മരുന്ന് മുഴുവന്‍ അമേരിക്ക വാങ്ങും; ആഗോള ക്ഷാമത്തിന് സാധ്യത

“ലോകമെമ്പാടുമുള്ള ധാരാളം വാക്സിനുകൾ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണെങ്കിലും, തദ്ദേശീയ വാക്സിൻ വികസനം പ്രോത്സാഹിപ്പിക്കുന്നതും പ്രധാനമാണ്, അതേസമയം സുരക്ഷ, ഗുണമേന്മ, ധാർമ്മികത, എല്ലാ നിയന്ത്രണ ആവശ്യകതകളും പാലിക്കുകയെന്നതും ഉറപ്പാക്കേണ്ട കാര്യങ്ങളാണ്,” ഐസിഎംആർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

“മരുന്നു പരീക്ഷണത്തിനായി തിരഞ്ഞെടുത്ത കേന്ദ്രങ്ങൾക്ക് ഐസി‌എം‌ആർ ഡയരക്ടർ ജനറൽ അയച്ച കത്ത്, ആവശ്യമായ പ്രക്രിയകളൊന്നും ഒഴിവാക്കാതെ അനാവശ്യമായ ചുവപ്പുനാടകൾ ഒഴിവാക്കാനും, മരുന്നു പരീക്ഷണത്തിന് സജ്ജരാവുന്നവരുടെ പങ്കാളികളിത്തം വേഗത്തിലാക്കാൻ വേണ്ടിയും ലക്ഷ്യമിട്ടുള്ളതാണ്,” എന്നും ഐസി‌എം‌ആറിന്റെ പ്രസ്താവനയിൽ പറയുന്നു. “ഈ ഘട്ടങ്ങൾ തുടക്കത്തിൽ തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഫലപ്രാപ്തിക്കായി അറിയുന്നതിനുള്ള പരിശോധനകളും ജനസംഖ്യാടിസ്ഥാനത്തിലുള്ള പരീക്ഷണങ്ങളും കാലതാമസമില്ലാതെ ആരംഭിക്കാനും അതിലൂടെ കഴിയും,” ഐസിഎംആർ പറയുന്നു.

Read More: ICMR defends August 15 Covid vaccine deadline, says process ‘as per global norms’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook