ന്യൂഡൽഹി: കൊറോണ വൈറസ് 2021 വരെ നിലനിൽക്കുമെന്ന് ആരോഗ്യ വിദഗ്‌ധർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായുളള ആശയവിനിമയത്തിനിടെ ആരോഗ്യ വിദഗ്‌ധരും പ്രൊഫസർമാരുമായ ആശിഷ് ഷായും ജൊഹാൻ ഗിയേസ്കിയും ഇക്കാര്യം പറഞ്ഞത്. വൈറസ് ഒരു വർഷത്തിലേറെ ഇവിടെ നിലനിൽക്കുമെന്നും അതിന്റെ വ്യാപനം തടയാൻ ദ്രുതഗതിയിലുളള ടെസ്റ്റുകൾ കൊണ്ടേ കഴിയൂവെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

ഒരു വർഷത്തിനുള്ളിൽ വൈറസിനെ പ്രതിരോധിക്കാനുളള വാക്സിൻ കണ്ടെത്താനാവുമെന്ന ആത്മവിശ്വാസം ഷാ പ്രകടിപ്പിച്ചു. അതേസമയം, ഇന്ത്യയിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ കഴിയുന്നത്ര ലഘൂകരിക്കണമെന്നും കടുത്ത നിയന്ത്രണങ്ങളോടെയുളള ലോക്ക്ഡൗൺ സാമ്പത്തിക മേഖലയെ പതുക്കെ തകർച്ചയിലേക്ക് നയിക്കുമെന്നും പ്രൊഫ.ഗിയേസ്കി അഭിപ്രായപ്പെട്ടു.

അതേസമയം, ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 6,387 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 1,51,767 കേസുകളിൽ 64,425 പേർ രോഗമുക്തി നേടി. 4,337 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലാണ് രോഗബാധിതർ ഏറ്റവും കൂടുതൽ. മുംബൈയിൽ മാത്രം രോഗബാധിതരുടെ എണ്ണം 35,000 കടന്നു. അതേസമയം, കഴിഞ്ഞ രണ്ടു ദിവസത്തിനുളളിൽ മഹാരാഷ്ട്രയിൽ റിപ്പോർട്ട് അനുസരിച്ച് പുതിയ കേസുകൾ കുറയുന്നതായിട്ടാണ്. ഇത് സംസ്ഥാനത്തിന് ചെറിയൊരു ആശ്വാസം നൽകുന്നുണ്ട്.

Read Also: കേരളത്തിൽ സമൂഹവ്യാപനത്തിന് സാധ്യത; വിദഗ്ധ സമിതിയുടെ റിപ്പോർട്ട്

മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അസം, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ത്രിപുര, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം കുറവാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook