ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 137 ആയി ഉയര്‍ന്നു. അതേസമയം, ഇന്ത്യയില്‍ രോഗബാധ രണ്ടാം ഘട്ടത്തില്‍ തന്നെയാണെന്നും ഈ ആഴ്ച്ചയില്‍ പൊതുമേഖലയില്‍ 49 ലബോറട്ടറികള്‍ കൂടെ രോഗ പരിശോധനയ്ക്കായി ഏര്‍പ്പെടുത്തുമെന്നും ഐസിഎംആര്‍ അറിയിച്ചു. ഇപ്പോള്‍ 72 ലാബുകളിലാണ് കൊറോണവൈറസ് പരിശോധനയുള്ളത്. സ്വകാര്യ ലാബുകളോട് പരിശോധനയ്ക്കുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ഐസിഎംആര്‍ ഡയറക്ടര്‍ ജനറലായ ഡോക്ടര്‍ ബല്‍റാം ഭാര്‍ഗവ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
രാജ്യത്ത് കൊറോണവൈറസ് പരിശോധന നടത്താന്‍ അക്രഡിറ്റഡ് സ്വകാര്യ ലാബുകള്‍ക്ക് അനുമതി നല്കാന് കേന്ദ്രം തീരുമാനിച്ചു. രാജ്യത്ത് രോഗനിര്‍ണയവും പ്രതിരോധപ്രവര്‍ത്തനവും ശക്തിപ്പെടുത്താനാണ് ഈ നടപടി. ഇപ്പോള്‍ സര്‍ക്കാര്‍ ലാബുകള്‍ മാത്രമാണ് പരിശോധന നടത്തുന്നത്. പൊതുമേഖലയിലെ പരിശോധന സംവിധാനങ്ങളുടെ ശേഷി ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. രാജ്യത്ത് 60 അക്രഡിറ്റഡ് ലാബുകള്‍ക്ക് പരിശോധന അനുമതി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
രാജ്യത്ത് സാമൂഹിക വ്യാപനം ആരംഭിച്ചതിന് തെളിവില്ലെന്നും ഐസിഎംആര്‍ പറഞ്ഞു. പരിശോധിച്ച 500 സാമ്പിളുകള്‍ എല്ലാം നെഗറ്റീവായി.
Read Also: കൊറോണക്കാലത്തെ ഏകാന്തജീവിതം പ്രയോജനപ്പെടുത്താനുള്ള മൊബൈല്‍ ആപ്പുകള്‍
ഇന്ന് രാവിലെ 64 വയസ്സുള്ള ഒരാള്‍ കൂടെ മരിച്ചതോടെ, ഇന്ത്യയില്‍ കൊറോണവൈറസ് മൂലം മരിച്ചവരുടെ എണ്ണം മൂന്നായി. മഹരാഷ്ട്രയിലാണ് മൂന്നാമത്തെ മരണം നടന്നത്. ദുബായില്‍ നിന്നും തിരിച്ചെത്തിയ ആളാണ് മരിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. അതിനുമുമ്പ് കര്‍ണാടകയിലും ഡല്‍ഹിയിലും ഓരോരുത്തര് മരിച്ചിരുന്നു.
അഫ്ഗാനിസ്ഥാന്, ഫിലിപ്പൈന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രവേശന ഇന്ത്യ വിലക്കി.
ഗോഎയര്‍ ഇന്ത്യയില്‍ നിന്നുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവച്ചു. ഏപ്രില്‍ 15 വരെയാണ് സേവനം നിര്‍ത്തിയതെന്ന് ഗോഎയര്‍ പ്രസ്താവനയില്‍ അറിയിച്ചു. ശമ്പളമില്ലാത്ത അവധിയും ജീവനക്കാര്‍ക്ക് അനുവദിക്കാന്‍ കമ്പനി തീരുമാനിച്ചു. യാത്രക്കാരുടെ എണ്ണം കുറഞ്ഞതാണ് കമ്പനിയെ സര്‍വീസുകള്‍ നിര്‍ത്താന്‍ പ്രേരിപ്പിച്ചത്.
ആഗോള തലത്തില്‍ കൊറോണവൈറസ് ബാധ മൂലമുള്ള മരണം 7000 കവിഞ്ഞു. ലോകമെമ്പാടും രാജ്യങ്ങള്‍ കടുത്ത പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ്. അമേരിക്കയില്‍ 10-ല്‍ അധികം പേര് കൂട്ടംകൂടരുതെന്ന് അമേരിക്ക പൗരന്മാര്ക്ക് നിര്‍ദ്ദേശം നല്കി. അതേസമയം, കൊറോണ വൈറസിനുള്ള വാക്സിന് ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു. അമേരിക്കയിലെ ശാസ്ത്രജ്ഞരാണ് പരീക്ഷണം നടത്തിയത്.
Read Also: കുടത്തിലെ ഭൂതത്തെ തുറന്നു വിട്ട ‘ബിഗ് ബോസ്’
ചൈനയില്‍ ഒരു പുതിയ ആഭ്യന്തര കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ, വിദേശത്തുനിന്നുമെത്തിയ വൈറസില്‍ നിന്നുമുള്ള 20 പുതിയ കേസുകള്‍ കണ്ടെത്തി. രോഗബാധ തടയുന്നതിനായി ഹോങ്കോങ് ജനങ്ങള്‍ ചൈനയിലേക്ക് പ്രവേശിക്കുന്നത് വിലക്കി.
ഇറാനില്‍ പുതുതായി 135 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണങ്ങള് 988 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,178 പുതിയ കേസുകളാണ് ഉണ്ടായതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് 14,991 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച രാജ്യങ്ങളിലൊന്നായി ഇറാന് മാറുന്നു.