ജനീവ: രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ വൈറസ് മഹാമാരിയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. അടുത്തിടെയൊന്നും ഉണ്ടായിട്ടില്ലാത്ത തരത്തിലുളള സാമ്പത്തിക മാന്ദ്യമായിരിക്കും ഇത് കൊണ്ടുവരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ്-19 സൃഷ്ടിക്കാവുന്ന സാമൂഹിക സാമ്പത്തിക പ്രതിഫലനത്തെ കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അന്റോണിയോ ഗുട്ടെറസ്.

ജനങ്ങളുടെ ജീവനും ജീവിതമാര്‍ഗവുമെടുത്തു കൊണ്ട് പുതിയ കൊറോണ വൈറസ് രോഗം സമൂഹത്തെ അതിന്റെ കാമ്പില്‍ തന്നെ ആക്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ചതിനുശേഷം നമ്മള്‍ ഒരുമിച്ച് നേരിടുന്ന ഏറ്റവും വലിയ പരീക്ഷണമാണ് കോവിഡ്-19. രോഗവ്യാപനത്തെ തടയുന്നതിനും മഹാമാരിയെ അവസാനിപ്പിക്കുന്നതിനും പെട്ടെന്നുതന്നെ സഹകരിച്ചുള്ള ആരോഗ്യരംഗത്തെ പ്രതികരണം ഉണ്ടാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

വ്യാവസായിക രാജ്യങ്ങളോട് അവികസിത രാജ്യങ്ങളെ സഹായിക്കാന്‍ ഗുട്ടെറസ് ആവശ്യപ്പെട്ടു. അല്ലെങ്കില്‍, ഈ രോഗം ഒരു കാട്ടുതീ പോലെ പടരുന്ന ദുരന്തത്തെ അഭിമുഖീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: Covid-19 Live Updates: രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 1,238; മരണം 35

മഹാമാരി തുടങ്ങിയശേഷം ലോകമെമ്പാടും 25 മില്യണ്‍ തൊഴില്‍ അവസരങ്ങള്‍ നഷ്ടമായതായി യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. ആഗോള വിദേശ നിക്ഷേപ ഒഴുക്കില്‍ 40 ശതമാനം കുറവുണ്ടാകാനും സാധ്യതയുണ്ട്.

ലോകത്ത് ഇതുവരെ 8,60,000-ത്തോളം പേര്‍ക്ക് രോഗം ബാധിച്ചു. മരണം 42,000-ല്‍ അധികമായി.  കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചൈനയില്‍ ആരംഭിച്ച രോഗം അമേരിക്കയില്‍ ഇതുവരെ 3,800 പേരുടെ ജീവനെടുത്തു. 1,88,000 പേര്‍ക്ക് അമേരിക്കയില്‍ രോഗം ബാധിച്ചു.

അതേസമയം, രോഗം ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നായ സ്‌പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 849 പേര്‍ മരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook