ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനതയുടെ തലയുടെ മുകളില്‍ കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ഭീതി തൂങ്ങുമ്പോള്‍ രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ ദയനീയാവസ്ഥ പുറത്ത് വരുന്നു. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം, 84,000 ഇന്ത്യാക്കാര്‍ക്ക് ഒരു ഐസൊലേഷന്‍ കിടക്കയും 36,000 ഇന്ത്യക്കാര്‍ക്ക് ഒരു കിടക്കയുമാണ് ലഭ്യമായിട്ടുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ശേഖരിച്ച മാര്‍ച്ച് 17 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.

കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിച്ചത്. 11,600 ഇന്ത്യക്കാര്‍ക്ക് ഒരു ഡോക്ടറും 1,826 ഇന്ത്യക്കാര്‍ക്ക് ഒരു ആശുപത്രി കിടക്കയുമാണുള്ളത്.

Read Also: യുവന്റസ് താരം പൗലോ ഡിബാലെയ്ക്ക് കോവിഡ്-19; താരം സെൽഫ് ഐസൊലേഷനിൽ

രാജ്യം രോഗവ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണുള്ളതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലെ (ഐസിഎംആര്‍) ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടറായ അനുരാഗ് അഗര്‍വാള്‍ പറയുന്നു. “ഈ ഘട്ടത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഫലപ്രദമാണ്. മൂന്നാം ഘട്ടത്തില്‍ അടച്ചിടേണ്ടി വരും. ഇന്ത്യന്‍ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ മേല്‍ അമിത ഭാരം കയറ്റേണ്ടിവരുന്നത് ഇല്ലാതാക്കുകയാണ് സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിലൂടെ ചെയ്യുക. ഭാവിയിലേക്കുള്ള മികച്ച പരിശീലനമാണ് ജനതാ കര്‍ഫ്യൂ. ഇപ്പോഴത്തെ വിവരമനുസരിച്ച്, ശരിയായ കാര്യമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് തോന്നുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ രണ്ടാം ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും മൂന്നാം ഘട്ടത്തിലെ രോഗ വ്യാപനത്തിന്റെ അപകടാവസ്ഥ കുറയ്ക്കാനുള്ള വാതിലാണ് ഇപ്പോഴുള്ളതെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറലായ ബല്‍റാം ഭാര്‍ഗവ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായും ആരോഗ്യ മന്ത്രിമാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പറഞ്ഞിരുന്നു.

ആരോഗ്യ സംവിധാനങ്ങളുടെ നീതിയുക്തമായ ഉപയോഗത്തിന്റേയും ക്വാറന്റൈന്‍ സൗകര്യങ്ങളും ഐസൊലേഷന്‍ വാര്‍ഡുകളും വർധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റേയും ആവശ്യകതയെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

Read Also: ‘ചിലര്‍ക്ക് നേരം വെളുത്തിട്ടില്ല, നിരോധനാജ്ഞ വേണ്ടി വരും,’ മുഖ്യമന്ത്രി

2019-ലെ ദേശീയ ആരോഗ്യ പ്രൊഫൈല്‍ അനുസരിച്ച് രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 1,154,686 അലോപ്പതി ഡോക്ടര്‍മാരും 7,39,024 സര്‍ക്കാര്‍ ആശുപത്രി കിടക്കകളുമുണ്ട്.

135 കോടി ജനതയ്ക്ക് സാധാരണ സമയങ്ങളില്‍ പോലും ഈ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമാണ്. കോവിഡ്-19-യുടെ കാര്യത്തിലെ പ്രശ്‌നം എന്താണെന്നു വച്ചാല്‍, ഈ രോഗത്തെ കൈകാര്യം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ഇതുവരേയും സ്വകാര്യ മേഖല വന്നിട്ടില്ലെന്നതാണ്. അതായത്, സര്‍ക്കാര്‍ കിടക്കകള്‍ മാത്രമാണ് രോഗികള്‍ക്ക് ലഭ്യമായിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook