വാഷിങ്ടണ്‍: ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം അതിവേഗത്തില്‍ വര്‍ധിക്കുന്നതിന്റെ ആശങ്കകള്‍ക്കിടയിലും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന പ്രതീക്ഷകൾ നൽകുന്നതാണ്. നിലവില്‍ 59,38,954 പേരാണ് കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ബുധനാഴ്ച ഇത് 57,83,996 ആയിരുന്നു. 24 മണിക്കൂറിനിടെ ആഗോള വ്യാപകമായി 1,54,958 പേര്‍ക്കാണ് രോഗമുക്തി നേടാനായത്.

Read More: നാലുമാസത്തിനുള്ളിൽ കോവിഡ് വാക്സിൻ പുറത്തിറങ്ങും; പൂനെ സെറം ഇൻസ്റ്റിറ്റ‌്യൂട്ട് മേധാവി

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,08,02,849 ആയി. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,18,921 ആയി.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ പത്ത് രാജ്യങ്ങൾ കണക്കുകള്‍

അമേരിക്ക- 27,79,953, ബ്രസീല്‍- 14,53,369, റഷ്യ- 6,54,405, ഇന്ത്യ-6,05,220, ബ്രിട്ടന്‍- 3,13,483, സ്‌പെയിന്‍- 2,96,739, പെറു- 2,88,477, ചിലി- 2,82,043, ഇറ്റലി- 2,40,760, മെക്‌സിക്കോ- 2,31,770.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവര്‍

അമേരിക്ക- 1,30,798, ബ്രസീല്‍- 60,713, റഷ്യ- 9,536, ഇന്ത്യ-17,848, ബ്രിട്ടന്‍- 43,906, സ്‌പെയിന്‍- 28,363, പെറു- 9,860, ചിലി- 5,753, ഇറ്റലി- 34,788, മെക്‌സിക്കോ- 28,510.

ഇതിനു പുറമേ, ഇറാനിലും പാക്കിസ്ഥാനിലും തുര്‍ക്കിയിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. ഇറാനില്‍ 2,30,211 പേര്‍ക്കും, പാക്കിസ്ഥാനില്‍ 2,13,470 പേര്‍ക്കും തുര്‍ക്കിയില്‍ 2,01,098 പേര്‍ക്കുമാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. ജര്‍മനി, സൗദി അറേബ്യ, ഫ്രാന്‍സ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, കാനഡ, കൊളംബിയ എന്നീ ഏഴു രാജ്യങ്ങളിലാണ് ഒരു ലക്ഷത്തിനു മുകളിൽ കോവിഡ് രോഗികളുള്ളത്. ഖത്തറിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.

ഇന്ത്യയിൽ കൊറോണ വൈറസ് മഹാമാരി ബാധിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,148 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 6,04,641 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്‌. 2,26,947 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,59,860 പേര്‍ രോഗമുക്തരായിട്ടുണ്ട്. 24 മണിക്കൂറിനിടെ 434 കോവിഡ് മരണവുമുണ്ടായി. 17,834 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

മഹാരാഷ്ട്രയില്‍ മാത്രം കോവിഡ് മരണങ്ങള്‍ 8000 കടന്നു. 1,80,298 പേര്‍ക്ക് മഹാരാഷ്ട്രയില്‍ മാത്രം വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 94,049 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1264 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook