ന്യൂഡൽഹി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. ലോകരാജ്യങ്ങളെല്ലാം തന്നെ കോവിഡിന്റെ പിടിയിലാണ്. അതേസമയം കോവിഡ് വലിയ ആഘാതമുണ്ടാക്കിയ അമേരിക്കയിൽ നിന്ന് ആശ്വാസ വാർത്തയാണ് കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി പുറത്ത് വരുന്നത്. രാജ്യത്ത് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് സംഖ്യയാണ് രേഖപ്പെടുത്തുന്നത്. ലോകത്ത് ആകെ 2.43 കോടി ആളുകളിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ ഏകദേശം 1.68 കോടി ജനങ്ങൾ രോഗമുക്തി നേടി.

പ്രതിദിന കണക്കിൽ താഴേക്ക് വന്നെങ്കിലും രോഗികളുടെ ആകെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് മുന്നിൽ. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60 ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവിൽ പ്രതിദിനം മുപ്പതിനായിരത്തിന് മുകളിൽ ആളുകളിലാണ് അമേരിക്കയിൽ വൈറസ് ബാധ കണ്ടെത്തുന്നത്.

രോഗവ്യാപനത്തിൽ ബ്രസീലും മുന്നിൽ തന്നെയാണ്. ബ്രസീലിൽ രോഗികളുടെ എണ്ണം മുപ്പത്തിയേഴു ലക്ഷം കടന്നു. പ്രതിദിന കണക്കിൽ ഇന്ത്യയാണ് മുന്നിൽ. ഒരു ദിവസം അറുപതിനായിരത്തിന് മുകളിൽ ആളുകളിൽ കോവിഡ് സ്ഥിരീകരിക്കുന്നു.

അതേസമയം ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ കോവിഡ് വാക്സിന്റെ മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണത്തിന് ഇന്ത്യയിൽ തുടക്കമായി. പൂനെ ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച വാക്സിൻ ഇന്നലെ മുതലാണ് ഇന്ത്യയിൽ പരീക്ഷിച്ച് തുടങ്ങിയത്. പൂനെയിലെ തന്നെ ഭാരതി വിദ്യാപീഠ് മെഡിക്കൽ കോളെജിൽ നിന്ന് ആറു വ്യക്തികൾ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ആദ്യം കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു. വാക്സിന്റെ ആദ്യ ഡോസ് മാത്രമാണ് ഇവരിൽ നൽകിയിരിക്കുന്നത്.

കേരളത്തിലും വലിയ രീതിയിലാണ് കോവിഡ് വ്യാപനം നടക്കുന്നത്. പ്രതിദിനം രണ്ടായിരത്തിന് മുകളിൽ ആളുകൾ കോവിഡ് ബാധിച്ച് ചികിത്സ തേടുന്നുണ്ട്. ഇന്നലെ 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1351 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 22,344 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,694 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 2243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook