ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന വിദേശികളെ തിരികെ നാട്ടിലേക്ക് അയച്ചു തുടങ്ങി. വിദേശത്തുനിന്നു വരുന്നവരിലാണ് രോഗം ആദ്യം കണ്ടു തുടങ്ങുന്നുവെന്നതിനാല്‍ വിദേശ പൗരന്‍മാര്‍ ഇന്ത്യയില്‍ സാമൂഹിക ബഹിഷ്‌കരണം നേരിട്ടിരുന്നു. ഇതിനിടയിലാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ കൂടെ പ്രഖ്യാപിച്ചത്. ഇതേതുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ എംബസികള്‍ സ്വന്തം പൗരന്‍മാരെ തിരികെ നാട്ടിലെത്തിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു തുടങ്ങി. ചില രാജ്യങ്ങള്‍ പൗരന്‍മാരെ തിരികെ എത്തിച്ചു കഴിഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ പ്രത്യേക വിമാനങ്ങളിലാണ് വിദേശ പൗരന്‍മാരെ തിരികെ കൊണ്ട് പോകുന്നത്.

10-12 രാജ്യങ്ങള്‍ പൗരന്‍മാരെ ഒഴിപ്പിക്കുന്നതിനുള്ള അനുവാദം ചോദിച്ചുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജര്‍മ്മനി, ഫ്രാന്‍സ്, യുഎസ്, യുകെ, കാനഡ, ഇസ്രായേല്‍, റഷ്യ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളാണ് അനുവാദം ചോദിച്ചിരിക്കുന്നത്. 6000-10,000 വിദേശികളെ ഇന്ത്യയില്‍ നിന്നും ഒഴിപ്പിക്കുമെന്ന് കരുതുന്നു. കൂടുതല്‍ പേരും ടൂറിസ്റ്റുകളാണ്.

Read Also: ഇത് ഞങ്ങൾ സൃഷ്‌ടിച്ചതല്ല; കൊറോണ വെെറസിനെ പറ്റി ചെെന

ബുധന്‍, വ്യാഴം ദിവസങ്ങളിലായി 1000-ത്തോളം ജര്‍മ്മന്‍കാരെ ഒഴിപ്പിക്കുന്നുണ്ട്. റഷ്യ 400 പേരെ തിരികെ കൊണ്ടുപോയി. അടുത്ത ഏതാനും ദിവസങ്ങള്‍ കൊണ്ട് 2000-ത്തോളം സന്ദര്‍ശകരെ ഒഴിപ്പിക്കാനാണ് ഫ്രഞ്ച് എംബസി ലക്ഷ്യമിടുന്നത്. അമേരിക്കയും ഇംഗ്ലണ്ടും സമാനമായ ഒഴിപ്പിക്കല്‍ പദ്ധതിയിടുന്നുണ്ട്. ഗോവയിലും മുംബയിലും കുടുങ്ങിയ പൗരന്‍മാരെ ഇസ്രായേല്‍ എംബസി നാട്ടിലെത്താന്‍ സഹായിച്ചിരുന്നു.

ഇന്നലെ രാത്രി 500 ജര്‍മ്മന്‍കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് അയച്ചുവെന്നും ഇന്ന് 500 പേരെ കൊണ്ടുപോകുമെന്നും ജര്‍മ്മന്‍ എംബസി വക്താവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

എയര്‍ഫ്രാന്‍സിന്റെ പ്രത്യേക വിമാനങ്ങള്‍ പറത്താന്‍ ഇന്ത്യാ സര്‍ക്കാരുമായി തങ്ങള്‍ ചര്‍ച്ച നടത്തുന്നുവെന്ന് ഒരു ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞു. അത്യാവശ്യം വേണ്ട അനുമതികള്‍ ലഭിക്കുന്നതിന് ശ്രമിക്കുകയാണ്. തിരികെ തങ്ങളുടെ വീടുകളിലേക്ക് പോകാന്‍ ടൂറിസ്റ്റുകള്‍ ആഗ്രഹിക്കുന്നു. ഇവിടെ കുടുങ്ങിയ ഫ്രഞ്ച് പൗരന്‍മാരില്‍ നിന്നും ദിവസവും 500-ല്‍ അധികം ഫോണ്‍ വിളികള്‍ ലഭിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

11,500 ഫ്രഞ്ചുകാരാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളതെന്ന് വാര്‍ത്താ സ്രോതസ്സുകള്‍ പറയുന്നു.

Read Also: പ്രതീക്ഷയോടെ കേരളം; പോസിറ്റീവ് കേസുകൾ കുറയുന്നു

യുഎസ് എംബസി തങ്ങളുടെ പൗരന്‍മാര്‍ക്കുവേണ്ടി ആരോഗ്യ മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഇന്ത്യയില്‍ നിന്നും അമേരിക്കക്കാരെ ഒഴിപ്പിക്കുന്നതിനുവേണ്ടി വിമാന സര്‍വീസ് നടത്താന്‍ യുഎസ് അധികൃതരുമായും എയര്‍ലൈന്‍ കമ്പനികളുമായും ചര്‍ച്ച നടത്തുന്നുണ്ട്.

ഇംഗ്ലണ്ട് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ വിദേശത്തുള്ള സ്വന്തം പൗരന്‍മാരെ തിരികെ എത്തിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെന്നും എങ്കിലും, വിദേശത്തുള്ള ബ്രിട്ടീഷ് പൗരന്‍മാരെ സഹായിക്കാന്‍ ശ്രമിക്കുകയാണെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ ഒരു വക്താവ് പറഞ്ഞു.

ഇന്ത്യയിലെ ബ്രിട്ടീഷ് പൗരന്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook