ബെയ്‌ജിങ്: കോവിഡ് രോഗിയുടെ വിസര്‍ജ്യത്തില്‍ വൈറസ് സാന്നിധ്യം ഉണ്ടാകുമെന്നും ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുന്നത് മൂലം ഇവ അന്തരീക്ഷത്തില്‍ പടരുമെന്നും പഠനം. ചൈനയിലെ യാങ്ങ്‌സോഹു യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഫിസിക്സ് ഓഫ് ഫ്ലൂയിഡ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, കോവിഡ് രോഗി ഉപയോഗിച്ച ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോള്‍ പുറത്തേക്കുവരുന്നത് വൈറസ് കണങ്ങളടങ്ങിയ ജലാംശം ആയിരിക്കും. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ഇവ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കും. മറ്റൊരാള്‍ ഈ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോള്‍ വൈറസ് കണങ്ങള്‍ ശ്വസനത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കാന്‍ കാരണമാകുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്. കമ്പ്യൂട്ടര്‍ മാതൃകകള്‍ ഉപയോഗിച്ച് ഇവര്‍ പഠനം സമര്‍ഥിക്കുന്നു.

Read More: ഇന്ത്യയിൽ ഒറ്റദിവസം 12,881 പേർക്ക് കോവിഡ്; ആകെ രോഗബാധിതർ 366,946

“ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോള്‍ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത അത്രയും നേര്‍ത്ത തുള്ളികളായി വെള്ളത്തിനൊപ്പം വിസർജ്യവും പുറത്തേക്ക് തെറിക്കും. ഇത് വായുവില്‍ കലരുന്നു. അടുത്തൊരാള്‍ കയറുമ്പോള്‍ ഈ വായു അയാള്‍ ശ്വസിക്കുന്നു. ഇത്തരത്തില്‍ കോവിഡ് പകര്‍ന്നതായ തെളിവുകളൊന്നും തന്നെ നിലവില്‍ ഇല്ല. അതേസമയം സാധ്യത തള്ളിക്കളയാനാകില്ല. ജാഗ്രത പാലിക്കുന്നത് എപ്പോഴും നല്ലതാണ്,” പഠനം പറയുന്നു.

അത് കൊണ്ട് തന്നെ ഫ്ലഷ് ചെയ്യുമ്പോള്‍ ക്ലോസറ്റ് അടച്ചുവയ്ക്കാന്‍ ഗവേഷണത്തിന് നേതൃത്വം നല്‍കിയ ജി സിയാങ് വാങ് നിര്‍ദേശിക്കുന്നു.

പൊതുശുചിമുറികളും വീടുകളിലെ ശുചിമുറികളും വളരെ വേഗത്തില്‍ രോഗവ്യാപനം നടത്താന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. അതേസമയം ടോയ്‌ലറ്റിലൂടെ വൈറസ് വ്യാപനം എന്നത് തര്‍ക്കമറ്റ രീതിയില്‍ സ്ഥാപിക്കാന്‍ ഇവര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook