ന്യൂഡൽഹി: 2020 പ്രതിസന്ധികളുടെ വർഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷം എപ്പോൾ അവസാനിക്കുമെന്നാണ് ജനങ്ങളെല്ലാം ചോദിക്കുന്നത്. എന്നാൽ, പ്രതിസന്ധികളിൽ നിന്നെല്ലാം നമ്മൾ ഉയർന്നുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘മൻ കി ബാത്ത്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വലിയ പ്രതിസന്ധിയുടെ കാലമായാണ് ജനങ്ങൾ ഇതിനെ കാണുന്നത്. നിരവധി വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വന്നിരിക്കാം. എന്നാൽ, ഈ വെല്ലുവിളികളെയെല്ലാം നമ്മൾ തരണം ചെയ്‌തതായി ചരിത്രം സാക്ഷ്യപ്പെടുത്തും. പ്രതിസന്ധികളെ തരണം ചെയ്‌ത് നാം ശക്തരായി മുന്നേറും,” മോദി പറഞ്ഞു.

Read Also: കണ്ടക്‌ടർക്ക് കോവിഡ്; ഗുരുവായൂർ-കാഞ്ഞാണി റൂട്ടിലെ ബസ് യാത്രക്കാർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുക

“കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സമയമാണിത്. നിരവധി ഇളവുകളിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോകുന്നത്. നിയന്ത്രണങ്ങൾ ലഘൂകരിച്ചു. എന്നാൽ, നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ട സമയംകൂടിയാണ് ഇത്. അതീവ ശ്രദ്ധ പുലർത്തണം. കൃത്യമായി മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നമുക്ക് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുന്നതിനൊപ്പം നമ്മൾ കാരണം മറ്റുള്ളവർക്ക് രോഗം വരാതിരിക്കാനും ശ്രദ്ധിക്കണം. സാമൂഹിക അകലം പാലിക്കാതെ വന്നാൽ നിങ്ങൾ മറ്റുള്ളവരുടെ ജീവനു കൂടി ഭീഷണിയാകുകയാണ്, ” പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി

ഇന്ത്യ-ചെെന സംഘർഷത്തെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഇന്ത്യയെ സുരക്ഷിതമാക്കാൻ വേണ്ടി ജീവത്യാഗം ചെയ്‌ത എല്ലാ സെെനികർക്കും ആദരവ് അർപ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.  സെെനികരുടെ ജീവത്യാഗം എന്നും ഓർമിക്കപ്പെടും. രാജ്യത്തിന്റെ ശക്തി നമ്മൾ ലോകത്തിനു കാണിച്ചുകൊടുത്തു. നമ്മുടെ ജവാൻമാർ ചെെനയ്‌ക്ക് കൃത്യമായ മറുപടി നൽകി.” പ്രധാനമന്ത്രി പറഞ്ഞു.

Read Also: ‘വിശപ്പിനെക്കാൾ ഭേദം കൊറോണ’; ജീവൻ കൈയിൽ പിടിച്ച് അവർ തിരിച്ചെത്തുന്നു

അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുകയും നിയന്ത്രണങ്ങളിൽ വലിയ തോതിൽ ഇളവ് നൽകുകയും ചെയ്‌ത സാഹചര്യത്തിലാണ് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,906 പേർക്കാണ് കോവിഡ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,28,859 ആയി. രാജ്യത്തെ ആകെ കോവിഡ് മരണം 16,095 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 410 പേരാണ്. രാജ്യത്ത് ആദ്യമായാണ് ഒറ്റദിനം കോവിഡ് രോഗികളുടെ എണ്ണം 19,000 കടക്കുന്നത്.

കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ നാലാം സ്ഥാനത്താണ്. ഏറ്റവും കൂടുതൽ രോഗികളുള്ള രാജ്യം അമേരിക്കയാണ്. ബ്രസീലും റഷ്യയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുമ്പോൾ ആഗോളതലത്തിൽ സ്ഥിതി വഷളാകുകയാണ്. രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതീവ രൂക്ഷമായിരിക്കുന്നത്. 87 ശതമാനം കോവിഡ് കേസുകളും ഈ എട്ട് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത്, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് രാജ്യത്തെ 85.5 ശതമാനം ആക്‌ടീവായ കോവിഡ് രോഗികളുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook