അഞ്ച് ദിവസം മുമ്പ് അസമിലെ ദിബ്രുഗഢില്‍ നിന്നും യാത്ര ആരംഭിച്ച വിവേക് എക്‌സ്പ്രസ് ഇന്ന് രാവിലെ 9.36-ന് കന്യാകുമാരിയില്‍ എത്തി. കോവിഡ്-19 രോഗബാധയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മാര്‍ച്ച് 21-ലെ ജനതാ കര്‍ഫ്യൂ തുടങ്ങുന്നതിനും 55 മിനുട്ടുകള്‍ക്ക് മുമ്പ് യാത്ര ആരംഭിച്ച ദിബ്രുഗഢ്-കന്യാകുമാരി വിവേക് എക്‌സ്പ്രസ് 4,205 കിലോമീറ്റര്‍ സഞ്ചരിച്ച് നിശ്ചിത സമയത്തിനും 20 മിനിട്ട് മുമ്പേയാണ് യാത്രക്കാരേയും വഹിച്ച് മാര്‍ച്ച് 25-ന് അവസാന സ്റ്റേഷനിലെത്തിയത്.

അപ്പോഴേക്കും, രാജ്യം 21 ദിവസത്തെ സമ്പൂര്‍ണ അടച്ചിടലിലേക്ക് പ്രവേശിച്ചിരുന്നു. ജനതാ കര്‍ഫ്യൂ പ്രഖ്യാപനത്തിന് പിന്നാലെ റെയില്‍വേ എല്ലാ യാത്രാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവും അവസാനമായി യാത്ര അവസാനിപ്പിച്ചത് വടക്കു-കിഴക്കിനെ രാജ്യത്തിന്റെ തെക്കേയറ്റവുമായി ബന്ധിപ്പിക്കുന്ന വിവേക് എക്‌സ്പ്രസായിരുന്നു. അതൊരു കറുത്ത ചരിത്രത്തിലെ ഏടുകൂടിയായി. സ്വതന്ത്ര ഇന്ത്യയില്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും നിലച്ച നിമിഷമായിരുന്നു അത്.

Read Also: ലോക്ക് ഡൗണ്‍ ലംഘിച്ചും ജനങ്ങള്‍ തെരുവില്‍; കടുത്ത നടപടികളുമായി പൊലീസ്

കോവിഡ്-19-ന്റെ ഭീഷണിയൊഴിഞ്ഞശേഷമേ, ഇനി ട്രെയിന്‍ യാത്ര ആരംഭിക്കുകയുള്ളൂവെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സോണ്‍ ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയെങ്കിലും ചരക്ക് തീവണ്ടികള്‍ സേവനം തുടരുന്നുണ്ട്. അവശ്യവസ്തുക്കള്‍ മുടക്കം കൂടാതെ ലഭ്യമാക്കുന്നതിന് ചരക്കു ഗതാഗതം തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ചരക്ക് തീവണ്ടി ഗതാഗതം നിയന്ത്രിക്കുന്നതിനായി നിയോഗിച്ചിട്ടുള്ള ജീവനക്കാരും സുരക്ഷാ ജീവനക്കാരും ലൈന്‍ സ്റ്റാഫും റെയില്‍വേ ആശുപത്രികളിലെ ലൈന്‍ സ്റ്റാഫും ആഴ്ചയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുകയാണെന്ന് റെയില്‍വേ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook