ബീജിങ്‌: കൊറോണവൈറസ് മഹാമാരി മൂലം മരിച്ചവരുടെ എണ്ണത്തില്‍ സ്‌പെയിന്‍ ചൈനയെ മറികടന്നു. ലോകമെമ്പാടും ഇതുവരെ 18,883 പേര്‍ മരിച്ചപ്പോള്‍ സ്‌പെയിനില്‍ 3,434 പേരാണ് മരിച്ചത്. ചൈനയിലെ മരണ സംഖ്യ 3,160 ആണ്.

കഴിഞ്ഞ 24 മണിക്കൂറില്‍ 738 പേരാണ് കൊറോണവൈറസിന് മുന്നില്‍ കീഴടങ്ങിയത്. രാജ്യത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തശേഷം ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് കഴിഞ്ഞ 24 മണിക്കൂറിലാണെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. ചൊവ്വാഴ്ച്ച 2,696 ആയിരുന്നു മരണസംഖ്യ. രോഗം ബാധിച്ചവരുടെ എണ്ണത്തിലും വന്‍വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 39,673-ല്‍ നിന്നും 47,610 ആയി ഉയര്‍ന്നു.

ആഗോളതലത്തില്‍ 4,21,729 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ മരണം 6,820 പേരാണ്. ഇറാനില്‍ 1,934 പേരും ഫ്രാന്‍സില്‍ 1,100 പേരും യുണൈറ്റഡ് കിങ്ഡത്തില്‍ 422 പേരും മരിച്ചു. അതേസമയം, നെതര്‍ലന്‍ഡ്‌സില്‍ 276, ന്യൂയോര്‍ക്കില്‍ 192 പേരും മരിച്ചുവെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ റിപ്പോര്‍ട്ട് പറയുന്നു.

Read Also: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് ഒൻപത് പേർക്ക്

രോഗം ബാധിച്ചവരുടെ കാര്യത്തില്‍ ചൈനയാണ് മുന്നില്‍. 81,591 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ 69,176, യുഎസില്‍ 54,893, സ്‌പെയിന്‍ 42,058, ജര്‍മനി 32,991, ഇറാന്‍ 24,811, ഫ്രാന്‍സ് 22,633 പേര്‍ എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ നില.

അതേസമയം, അമേരിക്കയില്‍ സാഹചര്യം നേരിടുന്നതിന് രണ്ട് ട്രില്ല്യണ്‍ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തകര്‍, ബിസിനസ്, ആരോഗ്യ രക്ഷാ സംവിധാനം എന്നിവയ്ക്കാണ് സഹായം ലഭിക്കുക. ദിവസങ്ങള്‍ നീണ്ട ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വൈറ്റ് ഹൗസും സെനറ്റ് നേതാക്കളും തമ്മില്‍ ഈ തീരുമാനത്തിലെത്തിയത്.

ഈ പാക്കേജില്‍ നിന്നും അമേരിക്കക്കാര്‍ക്ക് നേരിട്ട് പണം നല്‍കും. കൂടാതെ തൊഴിലില്ലാത്തവര്‍ക്കും ചെറുകിട ബിസിനസ്സുകള്‍ക്കും ധനസഹായം ലഭിക്കും.

ചരിത്രത്തിലാദ്യമായി യുഎന്‍ സുരക്ഷാ സമിതി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ യോഗം ചേര്‍ന്നു. അംബാസിഡര്‍മാരും മറ്റും വീടുകളില്‍ നിന്നും യോഗത്തില്‍ ലോഗിന്‍ ചെയ്തു. മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായില്ല.

രോഗബാധിതരുടേയും മരിക്കുന്നവരേയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെങ്കിലും ഈസ്റ്ററോടു (ഏപ്രില്‍ 12) കൂടി അമേരിക്കന്‍ സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കാനാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ദശലക്ഷക്കണക്കിന് അമേരിക്കക്കാരാണ് വീടുകളില്‍ കഴിയുന്നത്.

Read Also: Covid-19: ചാൾസ് രാജകുമാരനു കൊറോണ സ്ഥിരീകരിച്ചു

അതേസമയം, ചൈനയില്‍ നിന്നും തങ്ങളുടെ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കരുതെന്ന് യുഎസ് മാധ്യമങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ന്യൂയോര്‍ക്ക് ടൈംസ്, ദി വാഷിങ്ടണ്‍ പോസ്റ്റ്, ദി വാള്‍ സ്ട്രീറ്റ് ജേണല്‍ എന്നീ മാധ്യമങ്ങള്‍ ചൈനയുടെ അധികൃതര്‍ക്കായി തുറന്ന കത്തെഴുതി. രാജ്യത്തുള്ള ഈ മാധ്യമങ്ങളുടെ പ്രതിനിധികളെ പുറത്താക്കാന്‍ നേരത്തെ ചൈന തീരുമാനിച്ചിരുന്നു.

ജി-20 രാജ്യങ്ങളുടെ കൂട്ടായ്മയുടെ ഉച്ചകോടിയും വ്യാഴാഴ്ച വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നടക്കും. സൗദി അറേബ്യന്‍ രാജാവ് സല്‍മാന്‍ അധ്യക്ഷത വഹിക്കും. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ അടക്കമുള്ള ലോക നേതാക്കള്‍ പങ്കെടുക്കും.

Read in English: Spain overtakes China toll with 3,434 deaths

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook