ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,00,064 പേരാണ് ഇതുവരെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ മാത്രം അമേരിക്കയില്‍ 774 പേര്‍ മരിച്ചു. ഇപ്പോഴും ദിനംപ്രതി പതിനായിരക്കണക്കിന് അളുകള്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയില്‍ ഇതുവരെ 17.25ലക്ഷം പേരാണ് രോഗബാധിതരായത്.

അമേരിക്കയിൽ ന്യൂയോർക്ക് നഗരത്തിലാണ് ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 29,310 പേരാണ് ഇവിടെ മാത്രം മരിച്ചത്. 3,72,494 പേര്‍ക്ക് ന്യൂയോര്‍ക്കില്‍ കോവിഡ് സ്ഥിരീകരിച്ചു. ന്യൂജഴ്‌സി (11,192), മിഷിഗന്‍ (5,240), മാസച്യുസെറ്റ്‌സ് (6,416), ഇല്ലിനോയി (4,884), കണക്ടിക്കട്ട് (3,742), പെന്‍സില്‍വാനിയ (5,184), കലിഫോര്‍ണിയ (3,809) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്.

കൃത്യം കണക്കനുസരിച്ച് 17,13,607 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 11,44,765 പേര്‍ ചികിത്സയിലാണ്. 4,68,778 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ മരണനിരക്കില്‍ നേരിയ കുറവുണ്ട്. അമേരിക്കയില്‍ 19,049 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.

കൊറോണ വൈറസിന്റെ പുതിയ പ്രഭവകേന്ദ്രമായി അമേരിക്കൻ രാജ്യങ്ങൾ മാറിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഓഗസ്റ്റിൽ ബ്രസീലിലും മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും മരണങ്ങൾ വർദ്ധിക്കുമെന്നാണ് യുഎസ് പഠന പ്രവചനം.

അതേസമയം, ആഗോളതലത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56.81 ലക്ഷമായി. കോവിഡ് ബാധിതരായി മരിച്ചത് 3.52 ലക്ഷം പേരാണ്. 24.30 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. 28.99 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 53,101 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 28.46 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.

അമേരിക്ക കഴിഞ്ഞാൽ കോവിഡ് ഏറ്റവുമധികം ആഘാതം സൃഷ്ടിച്ച ബ്രസീലില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച മാത്രം 1027 പേരാണ് ബ്രസീലില്‍ മരിച്ചത്. 15691 പേര്‍ ബ്രസീലില്‍ പുതുതായി രോഗബാധിതരായി. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ബ്രസീലിലാണ്. 3.92ലക്ഷം പേര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook