ജയ്‌പൂർ: പതഞ്ജലി ആയുർവേദ ലിമിറ്റഡിന്റെ മരുന്നായ ‘കൊറോണിൽ’ കോവിഡ് രോഗികളിൽ പരീക്ഷിച്ചതിന് ജയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (നിംസ്) ആശുപത്രിയിൽ നിന്ന് രാജസ്ഥാൻ സർക്കാർ വിശദീകരണം തേടി. ബുധനാഴ്ച വൈകിട്ടാണ് ആശുപത്രി അധികൃതർക്ക് വിശദീകരണം ആവശ്യപ്പെട്ടുള്ള നോട്ടീസ് അയച്ചതെന്നും മൂന്നു ദിവസത്തിനകം നോട്ടീസിൽ അവർ മറുപടി നൽകണമെന്നും ജയ്പൂരിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ നരോത്തം ശർമ പറഞ്ഞു. നിംസിന്റെ മറുപടി ഇതുവരെ ആരോഗ്യ വകുപ്പിന് ലഭിച്ചിട്ടില്ല.

യോഗ ഗുരു ബാബാ രാംദേവിന്റെ സ്ഥാപനമായ പതഞ്ജലി ആയുർവേദ ലിമിറ്റിഡ് ചൊവ്വാഴ്ചയാണ് കൊറോണിൽ എന്ന പേരിൽ ആയുർവേദ മരുന്ന് പുറത്തിറക്കിയത്. കൊറോണിലിനെ കോവിഡ് ചികിത്സയ്കക്കുള്ള മരുന്നായി ചിത്രീകരിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ നിർത്തിവയ്ക്കണമെന്ന് പതഞ്ജലിയോട് കേന്ദ്ര ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കൊറോണിലിന്റെ മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സമർപിക്കാനും മന്ത്രാലയം സ്ഥാപനത്തോട് ആവശ്യപ്പെട്ടിരുന്നു.

Read More: കോവിഡ് -19ന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശ വാദവുമായി പതഞ്ജലി സഹസ്ഥാപകൻ

ആയുഷ് മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പതഞ്ജലിയുടെ ഉൽപന്നം സംസ്ഥാനത്ത് മരുന്നായി ഉപയോഗിക്കാൻ കഴിയില്ലെന്ന് രാജസ്ഥാൻ സർക്കാർ വ്യക്തമാക്കി. ഏതെങ്കിലും മരുന്ന് കോവിഡിനുള്ള മരുന്നായി വിൽക്കുന്നതിനെതിരായ ചട്ടങ്ങൾ പ്രകാരം കൊറോണിൽ വിപണനം ചെയ്യുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രഘു ശർമ്മ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.

തങ്ങളുടെ മരുന്നിന് ഏഴു ദിവസത്തിനുള്ളിൽ കോവിഡ് ഭേദമാക്കാൻ കഴിയുമെന്ന് കൊറോണിൻ പുറത്തിറക്കേ കമ്പനി അവകാശപ്പെട്ടിരുന്നു.

Read More: ‘കൊറോണ കിറ്റ്’: പതഞ്ജലി ലൈസൻസ് നേടിയത് കോവിഡ് മരുന്നിനല്ലെന്ന് ഉത്തരാഖണ്ഡ് സർക്കാർ

സ്വകാര്യ ഉടമസ്ഥതയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി സഹകരിച്ചാണ് ഹരിദ്വാറിലെ പതഞ്ജലി റിസർച്ച് സെന്ററിൽ ഈ മരുന്നുകൾ വികസിപ്പിച്ചതെന്ന് രാംദേവ് പറഞ്ഞിരുന്നു.

കൊറോണിൽ കോവിഡ് മരുന്നാണെന്ന് അവകാശപ്പെട്ട പതഞ്ജലിക്കെതരേ നടപടി സ്വീകരിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാരും അറിയിച്ചിരുന്നു. ചുമയ്ക്കും പനിക്കുമുള്ള ഇമ്യൂണിറ്റി ബൂസ്റ്റർ നിർമ്മിക്കാനുള്ള ലൈസൻസിനായി മാത്രമായിരുന്നു പതഞ്ജലി അപേക്ഷ സമർപിച്ചിരുന്നതെന്നു ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. കോവിഡ് -19 ന് പരിഹാരമെന്ന് അവകാശപ്പെട്ട് ഉൽപന്നം പുറത്തിറക്കിയതിന് പതഞ്ജലി ആയുർവേദ ലിമിറ്റഡിന് നോട്ടീസ് നൽകുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കി.

Read More: കോവിഡ്-19: സിപ്ലയ്ക്കും ഹെറ്ററോ ഡ്രഗ്സിനും റെംഡിസിവിർ മരുന്ന് വിപണനം ചെയ്യാൻ അനുമതി

ഉത്തരാഖണ്ഡ് സർക്കാരിന്റെ നോട്ടീസിന് പുറമെ ഹരിദ്വാർ ആസ്ഥാനമായുള്ള കമ്പനിക്ക് ബീഹാറിലും കോടതി നടപടികൾ നേരിടേണ്ടിവരും. കൊറോണിലിനെതിരേ മുസാഫർപൂരിലെ ഒരു കോടതിയിൽ സമർപിച്ച പരാതിയിലാണ് നടപടികൾ.

കോവിഡ് -19 രോഗം ഭേദമാക്കുമെന്ന് അവകാശപ്പെട്ട് ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്നും രാംദേവിനും കമ്പനി ചെയർമാൻ ആചാര്യ ബാൽകൃഷ്ണനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ മുസഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുകേഷ് കുമാർ ജൂൺ 30 ന് വാദം കേൾക്കും.

Read More: Notice sent to Jaipur hospital for conducting trials of Patanjali drug on COVID-19 patients

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook