ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,771 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. 24 മണിക്കൂറിനിടെ 442 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതര്‍ 6.48 ലക്ഷമായി. മരണസംഖ്യ 18,655 ആകുകയും ചെയ്തു.

നിലവില്‍ 2.35 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 3.94 ലക്ഷം പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 60.80 ശതമാനമായി. ഇതുവരെ രോഗം ഭേദമായത് 3,94,227 പേര്‍ക്കാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിതരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.

രാജ്യത്ത് കോവിഡ് ഏറ്റവുമധികം നാശം വിതച്ചത് മഹാരാഷ്ട്രയിലാണ്. രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 6324 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,92,990 ആയി. 24 മണിക്കൂറിനിടെ 198 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 8,367 ആയി. 79,911 പേരാണ് ചികിത്സയിലുള്ളത്. 1,04,867 പേര്‍ക്ക് രോഗം ഭേദമായി. 54.24 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.

Read More: പിടിതരാതെ കോവിഡ്; മരണം അഞ്ചര ലക്ഷത്തിലേക്ക്

ധാരാവിയില്‍ രോഗം നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച എട്ട് കേസുകളാണ് ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ധാരാവിയിലെ മരണ നിരക്ക് മുന്‍സിപല്‍ കോര്‍പറേഷന്‍ പുറത്തിറിയിക്കുന്നില്ല എന്ന ആരോപണം ഉയരുന്നുണ്ട്.

അതേസമയം, ആഗോളതലത്തിൽ കോവിഡ് മരണങ്ങളുടെ എണ്ണം അതിവേഗത്തില്‍ വര്‍ധിക്കുന്നു. ഇതുവരെ 5,29,113 പേരാണ് വൈറസ് ബാധയേത്തുടര്‍ന്ന് മരിച്ചത്. വൈറസ് ബാധിതരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 1,11,90,680 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. നിലവില്‍ 62,97,911 പേരാണ് കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്.

അമേരിക്കയിൽ നിന്നും ഞെട്ടിക്കുന്ന കണക്കുകളാണ് ദിനം പ്രതി പുറത്തുവരുന്നത്. രാജ്യത്ത് ഒറ്റദിവസം അരലക്ഷത്തിലധികം പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 54,704 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,890,388 ആയി ഉയര്‍ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook