Latest News

Covid-19: രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക്, ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങൾ

Covid-19: രാത്രി 8-ന്‌ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നും സൂചനകൾ

Covid-19: ന്യൂഡൽഹി: കോവിഡ്-19 വ്യാപനത്തെ തുടർന്ന് രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക്. ആളുകൾ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള നടപടികളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നടപ്പിലാക്കുന്നത്.

പഞ്ചാബിൽ വൈറസ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി പൊതുഗതാഗതം നിർത്തലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മാർച്ച് 21 മുതൽ പഞ്ചാബിൽ പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കില്ല. ഇരുപതിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്ന പരിപാടികൾ ഒഴിവാക്കണം. ഹോട്ടലുകളും റസ്റ്ററന്റുകളും അടച്ചിടും. പഞ്ചാബിലും ഡൽഹിയിലും ഹോം ക്വാറന്റീനിൽ ആകുന്നവരുടെ കൈകളിൽ സ്റ്റാംപ് പതിപ്പിക്കും. മുംബൈയിൽ ദാബാവാലകൾ മാർച്ച് 31 വരെ അടച്ചിടും.

Read Also: ഞങ്ങളുടെ കാവൽ മാലാഖ; അച്ഛന്റെ ഓർമകളിൽ ഐശ്വര്യ റായ്

ഡൽഹിയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മാർച്ച് 31 വരെ സ്‌കൂളുകൾക്ക് അവധിയായിരിക്കും. പരീക്ഷകൾ മാറ്റിവച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അധ്യാപകർ അടക്കമുള്ളവർക്കാണ് അവധി. ഡൽഹിയിലെ ക്രൈസ്തവ ദേവാലയങ്ങൾ അടച്ചു. പള്ളികളിലെ കുർബാന അടക്കമുള്ള ചടങ്ങുകൾ നിർത്തലാക്കി.

മേഘാലയയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തി.  മാർച്ച് 31 വരെ ഒരുവിധത്തിലുള്ള വിനോദ സഞ്ചാരവും അനുവദിക്കില്ലെന്ന് മേഘാലയ സർക്കാർ തീരുമാനിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടു. പൊതുഗതാഗതം ഒഴിവാക്കാനും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങാനും  സർക്കാർ നിർദേശം നൽകി.

സർക്കാർ ഓഫീസുകളിലെ ജോലിക്കാരുടെ എണ്ണം പകുതിയായി കുറയ്‌ക്കാൻ കേന്ദ്രം നിർദേശിച്ചു. അമ്പത് ശതമാനം പേർ വീടുകളിൽ ഇരുന്ന് ജോലി ചെയ്‌താൽ മതിയെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

രാജ്യത്തെ നഗരങ്ങളെല്ലാം പൂർണമായി അടച്ചുപൂട്ടണമെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം തടയാൻ രണ്ട് മുതൽ നാല് ആഴ്‌ച വരെ രാജ്യത്തെ നഗരങ്ങൾ അടച്ചുപൂട്ടണമെന്നാണ് ചിദംബരം ആവശ്യപ്പെട്ടത്.

Read Also: 15 മിനിറ്റ് വെയില് കൊള്ളൂ, കൊറോണയെ കൊല്ലൂ; അശാസ്ത്രീയ വാദവുമായി കേന്ദ്രമന്ത്രി

മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഇന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ഛണ്ഡീഗഢിൽ ആദ്യ കോവിഡ് പോസിറ്റീവ് കേസ് ഇന്നു രാവിലെ റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 166 ആയി ഉയർന്നു.

യാത്രക്കാരില്ല; വിമാനങ്ങളും ട്രെയിനുകളും സേവനം റദ്ദാക്കുന്നു

കൊറോണ വൈറസ് ബാധ വ്യോമയാന മേഖലയെ സാരമായി ബാധിച്ചു. വിമാനയാത്രികരുടെ എണ്ണം കുത്തനെ കുറഞ്ഞു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജോലിക്കാരുടെ ശമ്പളം കുറയ്‌ക്കാൻ ഇൻഡിഗോ എയർലൈൻസ് തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 21 മുതൽ ഏപ്രിൽ 30 വരെയുള്ള ഭൂരിഭാഗം രാജ്യാന്തര വിമാന സർവീസുകളും സ്‌പൈസ് ജെറ്റ് നിർത്തലാക്കി.

കൊറോണ വൈറസ് രാജ്യത്ത് പടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ റെയിൽവേ കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. മാർച്ച് 20 നും 31 നും ഇടയ്ക്കുളള 84 ട്രെയിനുകളാണ് റദ്ദാക്കിയത്. ഇതോടെ റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 155 ആയി. “റദ്ദാക്കിയ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുളള എല്ലാ യാത്രക്കാരെയും ഈ വിവരം അറിയിച്ചിട്ടുണ്ട്. ഇവരിൽനിന്നും ടിക്കറ്റ് റദ്ദാക്കിയതിനുളള ചാർജ് ഈടാക്കില്ല. യാത്രക്കാർക്ക് മുഴുവൻ പണവും തിരികെ നൽകും” അധികൃതർ അറിയിച്ചു.

പൂനെ-ജബൽപൂർ സ്‌പെഷ്യൽ, മാഡ്ഗോൺ എക്സ്പ്രസ്, എൽടിടി നന്ദാഡ് എക്സ്പ്രസ്, ടബോഡ എക്സ്പ്രസ്, ന്യൂഡൽഹി-ജബൽപൂർ ശ്രീധം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മുംബൈ-ഔറംഗബാദ് ജന ശതാബ്ദി എക്സ്പ്രസ്, ആനന്ദ് വിഹാർ ടെർമിനൽ ഗോരഖ്പൂർ ഹംസഫർ എക്സ്പ്രസ്, ഇൻഡോർ-ഖജുരാഖോ എക്സ്പ്രസ് അടക്കമുളളവയാണ് റദ്ദാക്കിയത്.

ബുധനാഴ്ച രാത്രി 99 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വെസ്റ്റേൺ സെൻട്രൽ റെയിൽവേയും നോർത്തേൺ റെയിൽവേയും 11 ട്രെയിനുകൾ വീതം റദ്ദാക്കിയിരുന്നു. സതേൺ റെയിൽവേയും നോർത്ത്ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയും 20 ട്രെയിനുകൾ വീതം ബുധനാഴ്ച റദ്ദാക്കി. സതേൺ റെയിൽവേ ആകെ റദ്ദാക്കിയത് 32 ട്രെയിനുകളാണ്.

Read Also: ഇന്ത്യയില്‍ കോവിഡ്-19 പകരുന്ന നിരക്ക് മറ്റു രാജ്യങ്ങളേക്കാൾ കുറവ്‌; കണക്കുകൾ ഇങ്ങനെ

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

കോവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്നു രാത്രി എട്ടിനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ്-19 നെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യണം, ജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നിവയെ കുറിച്ചെല്ലാം പ്രധാനമന്ത്രി സംസാരിക്കും. അതേസമയം, നിർണായകമായ എന്തോ തീരുമാനം പ്രധാനമന്ത്രി രാജ്യത്തെ അറിയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നും സൂചനകളുണ്ട്.

രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സിബിഎസ്ഇ പരീക്ഷകൾ മാറ്റിവയ്‌ക്കാൻ തീരുമാനിച്ചു. മാർച്ച് 19നും 31നും ഇടയിലുള്ള പരീക്ഷകളാണ് മാറ്റിവയ്ക്കുന്നതെന്ന് സിബിഎസ്ഇ അറിയിച്ചു. ഇതൊടൊപ്പം എല്ലാ യൂണിവേഴ്സിറ്റി പരീക്ഷകളും ജെഇഇ പരീക്ഷകളും പത്ത് ദിവസത്തേക്ക് മാറ്റിവയ്ക്കുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു.

Read Also: കുപ്പി വാങ്ങാൻ മദ്യപരുടെ ഓടടാ ഓട്ടം; ലീഗ് പ്രതിഷേധത്തിന്റെ ക്ലെെമാക്‌സ് ഇങ്ങനെ, വീഡിയോ

കൊറോണ വൈറസ് (കോവിഡ്-19) പടരുന്ന സാഹചര്യത്തിൽ കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സിഐഎസ്‌സിഇ) ഐസിഎസ്ഇ (10-ാം ക്ലാസ്), ഐഎസ്‌സി (12-ാം ക്ലാസ്) പരീക്ഷകൾ മാറ്റിവച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷിതത്വം കണക്കിലെടുത്താണ് മാർച്ച് 19 മുതൽ 31 വരെ നടത്തേണ്ടിയിരുന്ന എല്ലാ ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകളും മാറ്റിവച്ചതെന്ന് സിഐഎസ്‌സിഇ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഐസിഎസ്ഇ പരീക്ഷകൾ മാർച്ച് 30 നും ഐഎസ്‌സി പരീക്ഷകൾ മാർച്ച് 31 നുമാണ് അവസാനിക്കേണ്ടിയിരുന്നത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും കൗൺസിൽ വാർത്താക്കുറിപ്പിൽ പറയുന്നു.

ലോകത്താകമാനം കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഒൻപതിനായിരത്തിലേക്ക് അടുക്കുകയാണ്. രണ്ടര ലക്ഷത്തോളം ആളുകളിലാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ചൈനയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,245 ആയി. ഇറ്റലിയിൽ മരണസംഖ്യ അതിവേഗം വർധിക്കുകയാണ്. 2,978 പേരാണ് ഇറ്റലിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇറാനിൽ ആയിരത്തിലേറെ പേർ മരിച്ചു.

Read in English 

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 corona virus punjab to ban public transport heavy restrictions in india

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express