ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആഗോളതലത്തിൽ ആറായിരം കടന്നു. 1,63,332 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 5655 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം മരണ സംഖ്യ 6086 ആയി ഉയര്‍ന്നു.

ഇതുവരെ 156 രാജ്യങ്ങളില്‍ കൊറോണവൈറസ് സ്ഥിരീകരിച്ചു. ഇറാന്‍, ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, ദക്ഷിണകൊറിയ എന്നിവിടങ്ങളിലാണ് മരണ സംഖ്യ ഉയരുന്നത്. ഇറാനില്‍ പുതിയതായി 113 പേര്‍ മരിച്ചു. ഇറാനില്‍ 724 പേരാണ് ആകെ മരിച്ചത്. ഇറ്റലിയില്‍ 1441 പേര്‍ മരിച്ചു.

അതേസമയം ഇറ്റലിയിലും ഇറാനിലും കുടുങ്ങിക്കിടന്ന 450 ഓളം ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവന്നു. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊറോണകേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളാണ് ഇറാനും ഇറ്റലിയും. മിലാനിൽ നിന്നുള്ള 218 ഇന്ത്യക്കാരിൽ ഭൂരിപക്ഷം വിദ്യാർഥികളാണ്. ഇവർ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഐ‌ജി‌ഐ‌എ) വന്നിറങ്ങി. തെക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ ചാവ്‌ല പ്രദേശത്തെ ഐടിബിപിയിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്കാണ് ഇവരെ കൊണ്ടു പോയത്. ഇറാനിൽ നിന്നുള്ള 234 ഇന്ത്യക്കാരുടെ സംഘമാണ് ആദ്യം ഡൽഹിയിലെത്തിയത്. ഇവരെ ജയ്സാൽമീറിലെ ഇന്ത്യൻ ആർമി വെൽനസ് സെന്ററിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്കും മാറ്റി.

Read More: സൗദിയിൽ മാളുകൾ അടക്കാൻ നിർദേശം: സൂപ്പർ മാർക്കറ്റുകളും ഫാർമസിയും തുറന്ന് പ്രവർത്തിക്കും

ഇന്ത്യയിൽ ഞായറാഴ്ച മാത്രം 26 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ആദ്യമായാണ് ഒരു ദിവസം മാത്രം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഇന്ത്യയിൽ 17 വിദേശ പൗരന്മാർ ഉൾപ്പെടെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 110 ആയി ഉയർന്നു.

ഇന്ത്യയിൽ വൈറസ് ബാധിച്ച 13 പേർ സുഖം പ്രാപിച്ചപ്പോൾ രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പുതിയ കേസുകളിൽ 18 എണ്ണം മഹാരാഷ്ട്രയിൽ നിന്നും രണ്ടെണ്ണം തെലങ്കാനയിൽ നിന്നും മൂന്നെണ്ണം കേരളത്തിൽ നിന്നും ഒന്നു വീതം രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുമാണ്. ഏറ്റവും കൂടുതൽ കേസുകൾ(32) റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. കേരളത്തിൽ 22 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

പുതിയ റിപ്പോര്‍ട്ട് പ്രകാരം സ്പെയിനിലാണ് രോഗം അതിവേഗം പടര്‍ന്ന് പിടിക്കുന്നത്. സ്പെയിനില്‍ രോഗബാധിതരുടെ എണ്ണം 24 മണിക്കൂറിനുള്ളില്‍ 1362 എണ്ണം വര്‍ധിച്ച് 7735ലെത്തി. മരണസംഖ്യയിലും വലിയ വര്‍ധനവുണ്ടായി. ഒരു ദിവസം മാത്രം 95 പേരാണ് മരിച്ചത്. മൊത്തം മരണസംഖ്യ 291 ആയി ഉയര്‍ന്നു. കോവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ സ്പെയിന്‍ നാലാം സ്ഥാനത്തെത്തി. ചൈനയില്‍ രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായി. പുതിയതായി 25 പേര്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

സമീപകാലത്തെങ്ങും അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധിയാണ് യൂറോപ്പ് നേരിടുന്നത്. ഇറ്റലിയിൽ 368 പേരും ഫ്രാൻസിൽ 29 പേരും ഇന്നലെ മാത്രം മരിച്ചു. ഇത്രയും പേർക്ക് 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമായത് ഇതാദ്യമായാണ്. കൊറോണ ബാധ രൂക്ഷമായ ഇറ്റലിയിൽ ഇതോടെ മരണം 1809 ആയി. ഇംഗ്ലണ്ടിലും കോവിഡ് നാശം വിതയ്ക്കുകയാണ്. 14 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ഇംഗ്ലണ്ടിലെ ആകെ മരണസംഖ്യ 35 ആയി.

24,747 പേർക്കാണ് ഇറ്റലിയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് അടുത്ത 24 മണിക്കൂറിൽ സ്വിറ്റ്സർലണ്ടിലെ രോഗബാധിതരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിൽ മൂന്നിരട്ടിയായി ഉയർന്ന് 2200ൽ എത്തി. 14 മരണങ്ങളാണ് സ്വിറ്റ്സർലണ്ടിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook