ന്യൂഡല്‍ഹി: കൊറോണ ബാധിത രാജ്യമായ ഇറാനില്‍ 6000-ത്തോളം ഇന്ത്യക്കാര്‍ ഉണ്ടെന്ന് കേന്ദ്രം. കേന്ദ്ര വിദേശ കാര്യ മന്ത്രി ജയശങ്കര്‍ ആണ് ഇക്കാര്യം രാജ്യസഭയില്‍ വെളിപ്പെടുത്തിയത്. അതില്‍ 1000-ത്തോളം മത്സ്യത്തൊഴിലാളികളാണ്. അവര്‍ കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും അദ്ദഹം പറഞ്ഞു.
ഇവര്‍ കഴിയുന്നത് കൊറോണ അധികം ബാധിക്കാത്ത സ്ഥലങ്ങളിലാണെന്ന് മന്ത്രി വിശദീകരിച്ചു. വൈറസ് രൂക്ഷമായി ബാധിച്ചിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരേയും വിദ്യാര്‍ത്ഥികളേയും തിരിച്ചെത്തിക്കുകയാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.
ഇറാനില്‍ 291 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൂടാതെ 8042 പേരേയും രോഗം ബാധിച്ചിട്ടുണ്ട്. 2,731 പേര്‍ക്ക് രോഗം ഭേദമായി.
Read Also: കോവിഡ്-19: ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 52 ആയി
കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 52 ആണ്. അതേസമയം, സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതരുടെ കണക്കനുസരിച്ച് രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 61 ആണ്.
17 മലയാളി മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങിയ വാര്‍ത്ത കഴിഞ്ഞയാഴ്ച്ച പുറത്ത് വന്നിരുന്നു. ഇറാനില്‍ അസലൂരിലാണ് ഇവരുള്ളത്. തിരുവനന്തപുരം ജില്ലയിലെ പൊഴിയൂര്‍, വിഴിഞ്ഞം, മരിയനാട് പ്രദേശങ്ങളില്‍ നിന്നുള്ള ഇവര്‍ നാല് മാസം മുമ്പാണ് ഇറാനിലേക്ക് പോയത്. കൊറോണ ഭീതിയുള്ളത് കാരണം ഇവര്‍ക്ക് മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ വിഷമിച്ചിരുന്നുവെന്ന് അവര്‍ ഫേസ് ബുക്കിലൂടെ ലോകത്തെ അറിയിച്ചിരുന്നു.