ജനുവരി 30-ന് ആദ്യകേസ് പോസിറ്റീവായതു മുതല്‍ മോദി സര്‍ക്കാരിന്റെ മുഖമുദ്ര തയ്യാറെടുപ്പില്ലായ്മയാണെന്ന് മുന്‍കേന്ദ്ര ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം പറഞ്ഞു. “ആവശ്യത്തിന് പരിശോധനകളില്ലാത്തതാണ് ഏറ്റവും വലിയ പരാജയം. കൂടുതല്‍ പരിശോധന നടത്തുന്നതിനാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. കൂടുതല്‍ പരിശോധന നടത്തുക, രോഗികളെ കണ്ടെത്തുക, സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തുക, ഐസോലേറ്റ് ചെയ്യുക, ചികിത്സ നടത്തുക എന്നിവയാണ് ഇപ്പോള്‍ ആവശ്യം,” ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ അദ്ദേഹം എഴുതിയ ലേഖനത്തിലാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇവയാണ്.

ദിവസം 12,000 പരിശോധനകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ സംശയമുണ്ടാക്കുന്നു. ഐസിഎംആറിന്റെ നിലപാടുകളില്‍ മാറ്റം വരുത്തുന്നത് ആശയക്കുഴപ്പവും കാലവിളംബവും സൃഷ്ടിക്കും.

രോഗികളുടെ എണ്ണം 724 ആയി ഉയര്‍ന്നിട്ടും എല്ലാ ദിവസവും പുതിയ സ്ഥലങ്ങളില്‍ നിന്നും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഐസിഎംആറിന്റേയും ആരോഗ്യമന്ത്രാലയത്തിന്റേയും നിലപാട് ഇന്ത്യ രണ്ടാം ഘട്ടത്തിലാണെന്നും സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നുമാണ്. ചില രോഗഗവേഷകര്‍ ഇതില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

7,00,000 വ്യക്തിഗത സുരക്ഷാ വസ്ത്രവും 60,00,000 എന്‍-95 മാസ്‌കുകളും 100,00,000 മാസ്‌കുകളും ഇന്ത്യയ്ക്ക് ആവശ്യമുണ്ട്. നിലവില്‍ എത്രയെണ്ണം ഇന്ത്യയുടെ പക്കലുണ്ടെന്നതിന്റെ കണക്കുകളില്ല.

Read Also: യുദ്ധമുഖത്തു നിന്ന് പടനയിക്കുന്നു; പിണറായിയെ വല്യേട്ടനോട് ഉപമിച്ച് ഷാജി കെെലാസ്

വെന്റിലേറ്ററുകളുടേയും ശ്വസനോപകരണങ്ങളുടേയും കയറ്റുമതി നിരോധിക്കണം എന്ന് ആവശ്യമുയര്‍ന്നിട്ടും മാര്‍ച്ച് 24-ന് മാത്രമാണ് ഇതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്.

സാധനങ്ങള്‍ എത്താത്തിനാല്‍ അനവധി പച്ചക്കറി, പ്രൊവിഷന്‍ സ്‌റ്റോറുകള്‍ അടച്ചു. വീട്ടില്‍ ആഹാരം ഇല്ലാത്തതു കാരണം ഒന്നും കഴിച്ചിട്ടില്ലെന്ന് കുഞ്ഞുങ്ങള്‍ പറയുന്ന ഹൃദയഭേദകമായ ദൃശ്യങ്ങള്‍ ലഭ്യമാണ്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വീടുകളിലേക്ക് തൊഴിലാളികള്‍ നടന്ന് പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. അവരുടെ വിധിക്ക് സര്‍ക്കാര്‍ അവരെ ഉപേക്ഷിച്ചുവെന്നത് വ്യക്തമാണ്.

സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊലീസിന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ കൊടുത്തിട്ടില്ല. പല സ്ഥലങ്ങളിലും അവര്‍ സാധാനങ്ങള്‍ എത്തിച്ചു നല്‍കുന്നവരേയും വാങ്ങുന്നവരേയും വിലക്കുന്നു. ലാത്തി കൊണ്ട് അടിക്കുന്നതിന്റേയും അസാധാരണമായ ശിക്ഷകള്‍ നല്‍കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത് വരുന്നുണ്ട്.

ഏറ്റവും അക്ഷ്യന്തവ്യമായ തെറ്റ് ലോക്ക് ഡൗണിനൊപ്പം പാട്ടക്കര്‍ഷകന്‍, കര്‍ഷക തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, ചെറുകിട സ്ഥാപനങ്ങളുടെ ഉടമകള്‍, താല്‍ക്കാലികമായി ജോലി നഷ്ടപ്പെട്ട ഫാക്ടറി തൊഴിലാളികള്‍, തെരുവില്‍ ജീവിക്കുന്നവര്‍ തുടങ്ങിയ പാവപ്പെട്ടവരുടെ ജീവിതം സംരക്ഷിക്കുന്നതിനുവേണ്ടിയൊന്നും പ്രഖ്യാപിക്കാതിരുന്നതാണ്.

Read Also: ലോക്‌ഡൗണിനു ശേഷം ചെയ്യേണ്ട 9 കാര്യങ്ങൾ; അഭിജിത് ബാനർജിയും എസ്തർ ഡുഫ്ളോയും എഴുതുന്നു

ചൈന, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേത് പോലെ ഇന്ത്യയെ ബാധിക്കില്ലെന്ന തെറ്റായ ചിന്തയിലാണ് ചിലര്‍. ഇന്ത്യ അതില്‍ നിന്നും വ്യത്യസ്തമായിരിക്കില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു. എല്ലാ രാജ്യങ്ങളേയും പോലെ ഇന്ത്യയും കഷ്ടപ്പെടും. സമ്പദ് വ്യവസ്ഥ, തൊഴില്‍, വരുമാനം തുടങ്ങിയവയെ കുറിച്ച് നമ്മള്‍ ഇപ്പോഴൊന്നും ചിന്തിക്കുന്നില്ലെന്നും ചിദംബരം കുറ്റപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook