ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയർന്നുവെങ്കിലും ക്രമാതീതമല്ലെന്ന് ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ പുതിയ 42 കേസുകളും നാലു മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 649 ആയെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. കോവിഡ്-19 ബാധിതരെ ചികിത്സിക്കാനായി 17 സംസ്ഥാനങ്ങളിൽ ആശുപത്രികൾ ഒരുക്കുന്നതിനുളള നടപടികൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
കൊറോണ കേസുകളുടെ എണ്ണം കൂടുമ്പോഴും രോഗബാധിതരുടെ നിരക്ക് സ്ഥിരതയാർന്നതായി തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ആദ്യഘട്ട ട്രെൻഡ് മാത്രമാണ്. കോവിഡ് -19 ചലഞ്ചിനായി ഇന്ത്യ ഒരുങ്ങുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ഇന്ത്യയിൽ കോവിഡ് സമൂഹവ്യാപനം ഉണ്ടായതായുളള റിപ്പോർട്ടുകൾ ആരോഗ്യ മന്ത്രാലയം നിഷേധിച്ചു. ഇന്ത്യയിൽ കൊറോണ സമൂഹവ്യാപനം ഉണ്ടായെന്നതിന് ഒരു തെളിവുമില്ലെന്നും മന്ത്രാലയം അറിയിച്ചു.
Read Also: കോവിഡ്-19: 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
ഇന്ത്യയിൽ കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ 21 ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് എവിടെയാണെങ്കിലും ജനങ്ങൾ അവിടെ തന്നെ തുടരണം. കോവിഡ്-19 വ്യാപനത്തിൽനിന്നും മുക്തി നേടാൻ സാമൂഹിക അകലം മാത്രമാണ് പോംവഴിയെന്നും ജനങ്ങൾ സഹകരിക്കണമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ആഗോളതലത്തിൽ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 21,287 ആയി. ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്, 7,503 പേർ. സ്‌പെയിനിൽ 3,647 പേരും ചൈനയിൽ 3,163 പേരും, ഇറാനിൽ 2,077 പേരും, ഫ്രാൻസിൽ 1,331 പേരുമാണ് മരിച്ചത്. ലോകമാകമാനം കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,71,407 ആയിട്ടുണ്ട്.