ബൂസ്റ്റർ ഡോസിന്റെ അനുയോജ്യതയോ ആവശ്യകതയോ ഇനിയും തീരുമാനിച്ചിട്ടില്ല; ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രം

അതിനിടയിൽ, ഡൽഹിയിൽ ഇന്ന് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

ന്യൂഡൽഹി: കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്യുന്നതിന് രാജ്യത്തെ ഉന്നത സമിതികൾ നിലവിൽ മാർഗനിർദേശങ്ങൾ ഒന്നും നൽകിയിട്ടില്ലെന്ന് ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ.

രാജ്യത്തെ പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട ദേശിയ സാങ്കേതിക ഉപദേശക സമിതിയും (എൻ‌ടി‌എ‌ജി‌ഐ) വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട വിദഗ്‌ധ സമിതിയും (എൻഇജിവിഎസി) ബൂസ്റ്റർ ഡോസുകൾ നൽകുന്നത്തിനുള്ള ഇടവേള സംബന്ധിച്ച ശാസ്ത്രീയ തെളിവുകൾ പരിശോധിക്കുകയാണെന്നും അതോടൊപ്പം തന്നെ അതിന്റെ ആവശ്യകത ചർച്ച ചെയ്യുകയാണെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.

നിലവിൽ വാക്‌സിൻ സ്വീകരിക്കാൻ പ്രാപ്തരായ എല്ലാവരെയും പൂർണമായും വാക്സിനേറ്റ് ചെയ്യുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ബൂസ്റ്റർ ഡോസ് നൽകുന്നതിന് മാർഗനിർദേശങ്ങളൊന്നും നിലവിൽ ഇല്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

“ഇന്ത്യയിൽ കോവിഡ് വാക്‌സിനുകൾ നൽകുന്ന പ്രതിരോധശേഷിയുടെ ദൈർഘ്യത്തെക്കുറിച്ചുള്ള നിലവിലെ അറിവ് പരിമിതമാണ്, അത് കുറച്ച് കാലങ്ങൾക്ക് ശേഷം മാത്രമേ അറിയാൻ കഴിയൂ.” കേന്ദ്രം പറഞ്ഞു.

കഴിഞ്ഞ മാസം, ബൂസ്റ്റർ ഡോസ് ആവശ്യമാണെങ്കിൽ അത് നൽകുന്നതിനുള്ള സമയക്രമം സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അതിനു മറുപടിയായാണ് സർക്കാർ കോടതിയെ ഇക്കാര്യം അറിയിച്ചത്.

Also Read: മതപരിവര്‍ത്തനം ആരോപിച്ച് മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെ ഗുജറാത്തില്‍ കേസ്

ബൂസ്റ്റർ ഡോസുകൾ നൽകുന്നുണ്ടെങ്കിൽ അത് ആദ്യം സ്വീകരിച്ച വാക്സിനിൽ നിന്നും വ്യത്യസ്തമായ വാക്സിൻ ആയിരിക്കണമെന്ന് സാങ്കേതിക ഉപദേശക സമിതിയിൽ പ്രാഥമിക അഭിപ്രയം ഉയർന്നതായി കഴിഞ്ഞ ദിവസംഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

ബൂസ്റ്റർ ഡോസ് നൽകുന്നത് ഒരു രാഷ്ട്രീയ തീരുമാനം ആയിരിക്കില്ലെന്നും അത് രണ്ടു വിദഗ്ധ സമിതിയുടെയും അംഗീകാരത്തെ അടിസ്ഥാനമാക്കി ആയിരിക്കുമെന്നും ആരോഗ്യമന്ത്രി ൻസുഖ് മാണ്ഡവ്യ ലോക്‌സഭയിൽ പറഞ്ഞിരുന്നു.

അതിനിടയിൽ, ഡൽഹിയിൽ ഇന്ന് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിൽ ആകെ ഒമിക്രോൺ പോസിറ്റീവായവരുടെ എണ്ണം ആറായി. ഡൽഹിക്ക് പുറമെരാജസ്ഥാനിലും ഇന്ന് നാല് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇന്ത്യയിൽ ആകെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 49 ആയി.


Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 booster vaccine centre delhi high court

The moderation of comments is automated and not cleared manually by malayalam.indianexpress.com