ന്യൂഡൽഹി: രാജ്യത്ത് പതിനെട്ട് വയസ് തികഞ്ഞ എല്ലാവര്‍ക്കും ഇന്ന് മുതൽ കോവിഡ് -19 വാക്സിന്‍ കരുതല്‍ ഡോസ്. മുൻഗണന പട്ടികയിൽ ഉള്ളവർ ഒഴികെ മറ്റെല്ലാവർക്കും സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളിലൂടെയാണ് കരുതല്‍ ഡോസ് വിതരണം.
രണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ്. വാക്‌സിൻ സ്വീകരിക്കാൻ കോവിൻ ആപ്പിൽ പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതില്ല. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണിപോരാളികള്‍, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ വാക്സിനേഷന്‍ സെന്ററുകളില്‍ നിന്ന് സൗജന്യമായി കരുതല്‍ ഡോസ് സ്വീകരിക്കാം.
Also Read: കരുതല്‍ ഡോസ്‍ 10 മുതല്‍; ഏത് വാക്സിന്‍, എങ്ങനെ റജിസ്റ്റര്‍ ചെയ്യാം? വിശദാംശങ്ങള്‍
അതേസമയം, വാക്സിനുകളുടെ വില കുറച്ചിട്ടുണ്ട്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (എസ്ഐഐ) ഭാരത് ബയോടെക്കും സ്വകാര്യ ആശുപത്രികൾക്കുള്ള കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ വില ഡോസിന് 225 രൂപയാക്കി കുറച്ചു.
നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് കോവിഷീല്‍ഡിന് 600 രൂപയും കോവാക്സിന്‍ 1,200 രൂപയുമാണ്. കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് വാക്സിന് വില കുറയ്ക്കാനുള്ള തീരുമാനത്തിലെത്തിയതെന്ന് എസ്ഐഐ തലവന്‍ അധാന്‍ പുനവാല അറിയിച്ചു.
ആദ്യ രണ്ട് ഡോസായി സ്വീകരിച്ച വാക്സിന്‍ തന്നെയായിരിക്കും കരുതല്‍ ഡോസായി നല്‍കുക. കോവിഷീല്‍ഡാണ് ആദ്യ രണ്ട് ഡോസായി സ്വീകരിച്ചതെങ്കില്‍ കരുതല്‍ ഡോസും കോവിഷീല്‍ഡ് തന്നെയായിരിക്കും നല്‍കുക. കോവാക്സിന്റെ കാര്യത്തിലും ഇങ്ങനെ തന്നെ.
Also read: കരുതല്‍ ഡോസ്: കോവിഷീല്‍ഡിന്റേയും കോവാക്സിന്റേയും വില 225 രൂപയാക്കി കുറച്ചു