തിരുവനന്തപുരം: കോവിഡ്-19 കാലത്ത് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) നാളെ രാത്രി ഒമ്പത് മണിക്ക് രാജ്യമെമ്പാടുമുള്ള ആശുപത്രികളില്‍ മെഴുകുതിരി തെളിക്കുന്നു.

കഴിഞ്ഞദിവസം ചെന്നൈയില്‍ കോവിഡ് രോഗം ബാധിച്ച് മരിച്ച ഡോക്ടറുടെ ശവസംസ്‌കാരം ജനക്കൂട്ടം തടഞ്ഞിരുന്നു. ചെന്നൈ ന്യൂഹോപ്പ് ആശുപത്രി സ്ഥാപകന്‍ ഡോക്ടര്‍ സൈമണ്‍ ഹെര്‍ക്കുലീസിന്റെ (55) ശവസംസ്‌കാരത്തിനിടെയാണ് ജനം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.

ടിപി ഛത്രം ശ്മശാനത്തിലും അണ്ണാനഗറിലെ വേലങ്കാട് ശ്മശാനത്തിലും മൃതദേഹം സംസ്‌കരിക്കാന്‍ സമ്മതിച്ചിരുന്നില്ല.

Read Also: കോവിഡ്-19: ഡോക്ടറുടെ മുഖത്ത് തുപ്പി; രോഗിക്കെതിരെ വധശ്രമത്തിന് കേസ്

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നയിടത്തു നിന്നും രോഗം പടരുമെന്ന ഭീതി മൂലമാണ് ജനം സംസ്‌കാരം തടഞ്ഞതെന്ന് ഐഎംഎ കേരള ഘടകം വൈസ് പ്രസിഡന്റ് ഡോക്ടര്‍ സുല്‍ഫി നൂഹ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

സംഘര്‍ഷത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നീട് ഒരു ഡോക്ടറാണ് ആംബുലന്‍സ് ഓടിച്ച് പൊലീസിന്റെ സഹായത്തോടെ ഇന്നലെ പുലര്‍ച്ചെ മൃതദേഹം സംസ്‌കരിച്ചത്.

“കേരളത്തില്‍ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരായ ആക്രമണങ്ങളെ തടയാന്‍ നിയമമുണ്ടെങ്കിലും ഇന്ത്യയില്‍ ഒരു കേന്ദ്ര നിയമമില്ലെന്ന് സുല്‍ഫി നൂഹ് പറഞ്ഞു. ഒരു കര്‍ശനമായ കേന്ദ്ര നിയമം സര്‍ക്കാര്‍ പാസാക്കണമെന്ന് ഐഎംഎ ദീര്‍ഘകാലമായി ആവശ്യപ്പെട്ടു വരികയാണ്,” ഇപ്പോള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് സുല്‍ഫി നൂഹ് പറഞ്ഞു. ഇപ്പോള്‍ ഡോക്ടറുടെ ശവസംസ്‌കാരം പോലും തടയുന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“രാജ്യത്തെമ്പാടും കോവിഡ് ചികിത്സാ രംഗത്തുള്ള ഡോക്ടര്‍മാരേയും നഴ്‌സുമാരേയും മറ്റും വാടക വീടുകളില്‍ നിന്നും ഇറക്കിവിടുകയും വാഹനങ്ങളില്‍ കയറ്റാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവര്‍ അപമാനിക്കപ്പെടുകയും ആക്രമണത്തിന് ഇരയാകുകയും ചെയ്യുന്നു. കേരളത്തിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ജില്ലാ ഭരണകൂടവും സര്‍ക്കാരും കര്‍ശനമായി ഇടപെട്ടിരുന്നു,” സുല്‍ഫി നൂഹ് പറയുന്നു.

Read Also: കോവിഡ്-19 മൂലം മരിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കണമോ? അടക്കം ചെയ്യണോ? ഏതാണ് സുരക്ഷിതം?

കഴിഞ്ഞ ദിവസം ബംഗളുരുവില്‍ രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കോവിഡ്-19 നിരീക്ഷണത്തിലാക്കാന്‍ പോയ ആരോഗ്യപ്രവര്‍ത്തകര്‍ക്കുനേരേയും ആക്രമണം ഉണ്ടായിരുന്നു. അവരെ സംരക്ഷിക്കാനെത്തിയ പൊലീസിനെ ജനക്കൂട്ടം മര്‍ദ്ദിക്കുകയും സിസിടിവി ക്യാമറകള്‍ നശിപ്പിക്കുകയും ചെയ്തു.

ഡോക്ടര്‍മാരില്‍ നിന്നും മറ്റു ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും കൊറോണവൈറസ് പകരുമെന്ന പേടി മൂലമാണ് ജനം ആക്രമണത്തിന് മുതിരുന്നതെന്ന് സുല്‍ഫി നൂഹ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook