ന്യൂഡൽഹി: രാജ്യത്ത് ഇൻഫ്ലുവൻസ പടരുന്നതിനിടെ, കോവിഡ് 19 കേസുകളിൽ ചെറിയ വർധനവെന്ന് റിപ്പോർട്ടുകൾ. 109 ദിവസത്തിനിടെ ആദ്യമായി വെള്ളിയാഴ്ച ഇന്ത്യയിലെ സജീവ കോവിഡ് -19 കേസുകളുടെ എണ്ണം 5,000 കവിഞ്ഞു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഒരു ദിവസം 796 കോവിഡ് കേസുകളുടെ വർധനവ് രേഖപ്പെടുത്തി.
കണക്കുകൾ പ്രകാരം സജീവ കേസുകളുടെ എണ്ണം 5,026 ആണ്. മാർച്ച് 17 വരെ രാജ്യത്ത് 5,30,795 മരണങ്ങൾ രേഖപ്പെടുത്തി. വ്യാഴാഴ്ച മൊത്തം 98,727 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.64 കോടി ഡോസ് കോവിഡ് -19 വാക്സിൻ നൽകിയിട്ടുണ്ട്.
സീസണൽ ഇൻഫ്ലുവൻസയ്‌ക്കൊപ്പം കോവിഡ് -19 കേസുകളും റിപ്പോർട്ട് ചെയ്തതോടെ, പുതിയ കേസുകളുടെ എണ്ണം വർധിക്കുന്ന തമിഴ്‌നാട്, തെലങ്കാന, കേരളം, കർണാടക, മഹാരാഷ്ട്ര , ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു.
മതിയായ പരിശോധനകൾ നടത്താനും പുതിയ ക്ലസ്റ്ററുകളും ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങളും നിരീക്ഷിക്കാനും രാജ്യാന്തര യാത്രക്കാരുടെ സാമ്പിളുകൾ, സെന്റിനൽ സൈറ്റുകൾ, ക്ലസ്റ്ററുകൾ എന്നിവ ജീനോമിക് സീക്വൻസിങ്ങിനായി അയയ്ക്കാനും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യാഴാഴ്ച അയച്ച കത്തിൽ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. മുൻകരുതൽ ഡോസുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ആളുകൾ കോവിഡിന് സുരക്ഷാ മുൻകരുതൽ പിന്തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനും നടപടികൾ കൈക്കൊള്ളാനും രാജേഷ് ഭൂഷൺ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്രയിൽനിന്നും ഗുജറാത്തിൽനിന്നും റീകോമ്പിനന്റ് വേരിയന്റായ എക്സ്ബിബിയുടെ ഒരു ഉപ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതായി കത്തിൽ പറയുന്നു. ബിഎ.2.10.1, ബിഎ.2.75 എന്നീ രണ്ട് ഒമിക്രോൺ ഉപവകഭേദങ്ങൾ സംയോജിച്ചതാണ് എക്സ്ബിബി. ഫെബ്രുവരി പകുതി മുതൽ ശേഖരിച്ച എല്ലാ സാമ്പിളുകളിലും റീകോമ്പിനന്റ് വേരിയന്റ് എക്സ്ബിബി കണ്ടെത്തി. ബിഎ.2.75, ബിഎ.2.10, ബിഎ.2 എന്നിങ്ങനെയുള്ള മറ്റ് ഉപ വകഭേദങ്ങളെ ഇവ പുനഃസ്ഥാപിച്ചതായി, ഇന്ത്യയുടെ കോവിഡ്-19 ജീനോം സീക്വൻസിങ് കൺസോർഷ്യത്തിൽനിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു.
അതേസമയം, വിദേശത്ത് നിന്ന് ഇസ്രായേലിലെ ബെൻ-ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ രണ്ട് ആളുകളിൽ പുതിയ വൈറസ് സംയോജനം കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിഎ.1 (ഒമിക്രോൺ), ബിഎ.2 വേരിയന്റുകളുടെ സംയോജനമാണ് ഈ വൈറസെന്ന് പറയപ്പെടുന്നു. മുപ്പത് വയസ്സുള്ള ദമ്പതിമാരായ ഇവർക്ക് തങ്ങളുടെ കുഞ്ഞിൽ നിന്നാണ് അണുബാധയേറ്റതെന്നും പിടിഐയുടെ റിപ്പോർട്ടിൽ പറയുന്നു.