ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി പ്രതിദിനം പതിനായിരത്തിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,667 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 380 ആണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,43,091 ആയി. 1,53,178 പേർ ഇപ്പോഴും ചികിത്സയിലാണ്. ഇന്ത്യയിലെ കോവിഡ് മരണസംഖ്യ പതിനായരത്തിലേക്ക് അടുക്കുകയാണ്. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കനുസരിച്ച് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9,900 ആണ്.
ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ കടുത്ത പനിമൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ പനിയും ശ്വാസതടസവും ഉണ്ടെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും മന്ത്രി സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു.
Read Also: കോവിഡ്-19: സംസ്ഥാനത്തെ കോളേജുകളിൽ സീറ്റ് വർധിപ്പിച്ചു
പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും
കോവിഡ്-19 സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ കോൺഫറൻസ് ഇന്ന്. 21 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളുമായാണ് ചർച്ച. 15 സംസ്ഥാന-/ കേന്ദ്രഭരണ പ്രദേശങ്ങളുമായി നാളെ ചർച്ച നടത്തും. രാജ്യത്ത് തുടരേണ്ട നിയന്ത്രണങ്ങളെ കുറിച്ച് വീഡിയോ കോൺഫറൻസിൽ ചർച്ച നടക്കും. അതാത് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ അറിയിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വീഡിയോ കോൺഫറൻസ് ആരംഭിക്കുക.
Read Also: മൃതദേഹം ദഹിപ്പിക്കാം; അനുമതി നൽകി തൃശൂർ അതിരൂപത, ക്രെെസ്‌തവസഭയിൽ ആദ്യം
കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളുമായാണ് നാളെ പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ്. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇനി സ്വീകരിക്കേണ്ട മുൻകരുതലുകൾ പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ ചർച്ചയാകും.