ന്യൂഡല്‍ഹി: രണ്ടു മുല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിനായ കോവാക്‌സിന്റെ അടിന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ ശുപാര്‍ശ. സബ്ജക്റ്റ് എക്‌സ്പര്‍ട്ട് കമ്മിറ്റി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യോട് ശുപാര്‍ശ ചെയ്തതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
രണ്ടു വയസിനു മുകളിലുള്ള കുട്ടികള്‍ക്കുളള കോവിഡ് -19 വാക്‌സിന്‍ ഔദ്യോഗികമായി അംഗീകരിക്കുന്നതിനു ഒരു പടി മാത്രം അകലെയാണ് ഇപ്പോഴത്തെ സംഭവവികാസം. 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്കുള്ള സൈഡസ് കാഡിലയുടെ ഡിഎന്‍എ കോവിഡ് -19 വാക്‌സിന് ഡിസിജിഐ നേരത്തെ അനുമതി നല്‍കിയിരുന്നു.
പീഡിയാട്രിക് പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കോവാക്‌സിന്‍ സംബന്ധിച്ച സബ്ജക്റ്റ് എക്‌സ്പര്‍ട്ട് കമ്മിറ്റിയുടെ ശുപാര്‍ശ. കോവാക്‌സിന്റെ സുരക്ഷ, പ്രതിപ്രവര്‍ത്തനക്ഷമത, ഇമ്മ്യൂണോജെനിസിറ്റി എന്നിവ വിലയിരുത്തുന്നതാണ് ഈ പഠനം. രാജ്യത്തെ ആറു കേന്ദ്രങ്ങളില്‍ രണ്ടു വയസിനു മുകളിലുള്ള കുട്ടികളിലാണ് ഈ പഠനം നടത്തിയത്.
കോവാവാക്‌സാണ് ഇന്ത്യയിലെ കുട്ടികളില്‍ പരീക്ഷിക്കപ്പെടുന്ന മൂന്നാമത്തെ വാക്‌സിന്‍. കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാതാക്കളായ പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇത് ഉത്പാദിപ്പിക്കുന്നത്.
Also Read: രാജ്യത്ത് 14,313 പേര്‍ക്ക് കോവിഡ്, 181 മരണം; 2.14 ലക്ഷം സജീവ കേസുകള്‍
അമേരിക്കന്‍ മരുന്നുകമ്പനിയായ നോവാവാക്‌സിന്റെ റീകോമ്പിനന്റ് നാനോപാര്‍ട്ടിക്കിള്‍ പ്രോട്ടീന്‍ അധിഷ്ഠിത കോവിഡ് -19 വാക്‌സിനായ എന്‍വിഎക്‌സ്-കോവ് 2373 ആണ് കോവവാക്‌സ് എന്ന പേരില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പരീക്ഷിക്കുന്നത്. രാജ്യത്തുടനീളമുള്ള 23 കേന്ദ്രങ്ങളിലാണ് ഈ വാക്‌സിന്റെ പരീക്ഷണം നടക്കുക.
രാജ്യത്ത് കുട്ടികളില്‍ പരീക്ഷിക്കപ്പെടുന്ന നാലാമത്തെ വാക്‌സിന്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍ ഇയുടെ കോര്‍ബെവാക്‌സ് ആണ്. രാജ്യത്തെ കേന്ദ്രങ്ങളില്‍ പരീക്ഷണങ്ങള്‍ നടക്കുമെന്നാണ് കരുതുന്നത്.