ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്സിന് മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി അനുമതി ലഭിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്സിനാണ് ഇത്.

ഒക്ടോബര്‍ രണ്ടിനാണ് നിര്‍മാതാക്കള്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടിയത്. നവംബർ ആദ്യവാരത്തോടെ മൂന്നാംഘട്ട പരീക്ഷണം ആരംഭിക്കുമെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.

Read More: കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായിരിക്കെ മരിച്ചയാൾക്ക് വാക്സിൻ നൽകിയിരുന്നില്ലെന്ന് വിശദീകരണം

ഇതുവരെ, 18 വയസും അതിന് മുകളിലുമുള്ള 28,500 പരീക്ഷണത്തിന്റെ ഭാഗമായതായും ഡൽഹി, മുംബൈ, പട്‌ന, ലഖ്‌നൗ ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിലെ 19 കേന്ദ്രങ്ങളിലായി പഠനം നടത്തുമെന്നും കമ്പനി പറയുന്നു.

ഭാരത് ബയോടെക്കിന് പുറമെ, സൈഡസ് കാഡില ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ കാൻഡിഡേറ്റ് ക്ലിനിക്കൽ പരീക്ഷണങ്ങളുടെ രണ്ടാം ഘട്ടത്തിലാണ്.

ഓക്സ്ഫോർഡ് കോവിഡ് -19 വാക്സിൻ കാൻഡിഡേറ്റ് നിർമ്മിക്കുന്നതിനായി ആസ്ട്രാസെനെക്കയുമായി പങ്കാളിത്തമുള്ള പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് ഇന്ത്യ, രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ നടത്തുകയാണ്.

മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ കൊറോണ വൈറസിനെതിരെ ശക്തമായ പ്രതിരോധ ശേഷി വികസിപ്പിച്ചെടുക്കാൻ സാധിച്ചിട്ടുണ്ടെന്ന് കഴിഞ്ഞമാസം പുറത്തിറക്കിയ റിപ്പോർട്ടിൽ ഭാരത് ബയോടെക്ക് വ്യക്തമാക്കുന്നു. ‌

Read More: സൗജന്യ കോവിഡ് വാക്‌സിന്‍ ബിഹാറിൽ മാത്രമോ ? വെട്ടിലായി ബിജെപി

ഓഗസ്റ്റ് 15 നകം കോവാക്സിൻ വിപണിയിൽ എത്തിക്കുമെന്ന് ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും, അടുത്ത വർഷത്തിന് മുൻപായി ഇത്തരമൊരു വാക്സിൻ പുറത്തിറക്കുന്നത് സാധ്യമല്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ പിന്നീട് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയോട് പറഞ്ഞു.

ആഗോളതലത്തിൽ, നൂറിലധികം വാക്സിനുകൾ വികസിപ്പിക്കുകയും പരീക്ഷണങ്ങൾ നടക്കുകയം ചെയ്യുന്നുണ്ട്. ഇത് ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ചെയ്ത കോവിഡ്-19 മഹാമാരിയ ചെറുക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

Read More: രാജ്യത്താകെ കോവിഡ് വാക്സിൻ എത്തിക്കാൻ എത്ര ചിലവ് വരും?; കണക്കുകൾ അറിയാം

രാജ്യത്തെല്ലായിടത്തുമുള്ള ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിനുള്ള കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കുന്നതിനായി ഏകദേശം 800 ബില്ല്യൺ (80,000 കോടി രൂപ) രൂപ ആവശ്യമാണെന്ന് ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻ തലവൻ ആദർ പൂനാവാല്ല കഴിഞ്ഞദിവസം പറഞ്ഞു. ചികിത്സയ്ക്കായി വാങ്ങുന്നതിന് പുറമെ വാക്സിൻ നിർമാണ കേന്ദ്രങ്ങളിൽ നിന്ന് കടത്തുന്നതും വലിയ ഒരു ദൗത്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക ജനസംഖ്യയിലെ എല്ലാ മനുഷ്യർക്കും ഒരു ഡോസ് എന്ന നിലയിൽ കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കുകയാണെങ്കിൽ അവയുടെ ചരക്കു കടത്തിനായി 8,000 ചരക്ക് വിമാനങ്ങളുടെ അത്രയും സ്ഥലം ആവശ്യമാണെന്നാണ് ഇത് സംബന്ധിച്ച ഒരു കണക്കിൽ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook