ന്യൂഡൽഹി: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മുൻ ബിജെപി നേതാവും എംഎൽഎയുമായ കുൽദീപ് സിങ് സെൻഗർ പ്രതിയായ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിയാണ് പ്രത്യേക കോടതി ജഡ്ജി നേരിട്ടെത്തി രേഖപ്പെടുത്തി. വാഹനപകടത്തിൽ പരിക്കേറ്റ് ഡൽഹി ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ സൗകര്യാർത്ഥം ആശുപത്രിയിൽ പ്രത്യേക കോടതി മുറി ഒരുക്കിയാണ് ജഡ്ജി ധർമേഷ് ശർമ മൊഴി രേഖപ്പെടുത്തിയത്.
Also Read: ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം; ബിജെപി എംഎല്‍എ സെന്‍ഗാറിനെതിരെ ഉന്നാവ് പെണ്‍കുട്ടി
ആശുപത്രിയിൽ സജ്ജീകരിച്ചിരിക്കുന്ന താൽക്കാലിക കോടതി മുറിയിൽ കേസിന്റെ വാദവും തുടരും. വാദം കേൾക്കുന്നതിന് പ്രതി കുൽദീപ് സിങ് സെൻഗറിനെയും കോടതി മുറിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിലെത്തി വാദം കേൾക്കണമെന്ന പ്രത്യേക കോടതി ജഡ്ജിയുടെ ആവശ്യത്തിന് ഡൽഹി ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് വിചാരണ എയിംസിലേക്കു മാറ്റാൻ നിർദ്ദേശമുയർന്നത്.
വാഹനാപകടത്തിൽ പരുക്കേറ്റ പെൺകുട്ടിയെ ഓഗസ്റ്റ് ആറിനാണ് ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. സുപ്രീം കോടതി ഇടപെട്ടാണ് പെൺകുട്ടിയെ എയിംസിലേക്ക് മാറ്റിയത്. കിങ് ജോർജ് ആശുപത്രിയിൽ നിന്നുമാണ് പെൺകുട്ടിയെ ഡൽഹി എയിംസിലേക്ക് മാറ്റിയത്. ജൂലൈയിൽ സ്വദേശമായ ഉത്തർപ്രദേശിലെ ഉന്നാവിൽ നിന്നും റായ്ബറേലിയിലേക്ക് പോകുംവഴി പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു.
2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാർ പീഡിപ്പിച്ചുവെന്നതാണ് കേസ്. കേസിൽ ബിജെപി എംഎൽഎ ജയിലിലാണ്. ഇയാൾക്കെതിരെ പോക്‌സോ അടക്കം ചുമത്തിയിട്ടുണ്ട്. ഇരയായ പെണ്‍കുട്ടിയ്ക്ക് സംഭവം നടക്കുമ്പോള്‍ 18 വയസിന് മുകളില്‍ പ്രായമുണ്ടെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചെങ്കിലും വാദം തള്ളിയ കോടതി പോക്‌സോ ചുമത്തുകയായിരുന്നു. പീഡനം, തട്ടിക്കൊണ്ടു പോകല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കണ്ടാണ് കോടതി കേസ് ചാര്‍ജ് ചെയ്തത്.