ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടന കേസിലെ കുറ്റാരോപിതയും ബിജെപി എംപിയുമായ പ്രഗ്യാ സിങ് ഠാക്കൂറിനോട് കോടതിയില്‍ ഹാജരാകാന്‍ പ്രത്യേക എന്‍ഐഎ കോടതി നിര്‍ദേശിച്ചു. കേസില്‍ ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ തനിക്ക് ഹാജരാകാന്‍ സാധിക്കില്ലെന്നും ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രഗ്യാ സിങ് ഠാക്കൂര്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി കോടതി തള്ളിക്കളഞ്ഞു. കേസ് വാദം കേള്‍ക്കുന്നതിനായി ഈ ആഴ്ച തന്നെ കോടതിയില്‍ ഹാജരാകണമെന്ന് പ്രഗ്യാ സിങ്ങിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ലമെന്റ് നടപടികളില്‍ സംബന്ധിക്കേണ്ടതുള്ളതിനാല്‍ ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ തനിക്ക് കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്നായിരുന്നു പ്രഗ്യാ സിങ് ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍, ഈ ആവശ്യം കോടതി മുഖവിലയ്‌ക്കെടുത്തില്ല.

Read More: പ്രധാനമന്ത്രി പൊറുത്തില്ല, പക്ഷെ ഇന്ത്യക്കാര്‍ പൊറുത്തു കൊടുത്തു; സ്ഫോടനക്കേസ് പ്രതി പ്രഗ്യാ സിങ് പാര്‍ലമെന്റിലേക്ക്

മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്നാണ് പ്രഗ്യാ സിങ് ഠാക്കൂര്‍ ലോക്‌സഭയിലേക്ക് എത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ദിഗ് വിജയ് സിങ്ങിനെയാണ് പ്രഗ്യാ സിങ് പരാജയപ്പെടുത്തിയത്.  3,63,9033 വോട്ടുകൾക്കായിരുന്നു വിജയം. 1989 മുതല്‍ ഭോപ്പാലില്‍ നിന്നും ബിജെപി ഒരു പാര്‍ലമെന്ററി തിരഞ്ഞെടുപ്പിലും തോറ്റിട്ടില്ല. സ്ഫോടനക്കേസില്‍ കുറ്റം ചുമത്തപ്പെട്ട പ്രഗ്യാ സിങ് ദേശീയത ഉയര്‍ത്തിയാണ് ഹിന്ദി ഹൃദയഭൂമിയില്‍ വിജയിക്കുന്നത്. മലേഗാവ് സ്ഫോടനക്കേസിൽ ജാമ്യത്തിലാണ് ഇപ്പോള്‍ പ്രഗ്യാ സിങ്ങുളളത്.

കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് ആഴ്ചയില്‍ ഒരു തവണയെങ്കിലും ഏഴ് പ്രതികളും ഹാജരാകണമെന്നാണ് കോടതി കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഇളവ് അനുവദിക്കാമെന്നും കോടതി അറിയിച്ചിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം ഹിന്ദുത്വ വാദമായിരുന്നു പ്രഗ്യാ സിങ് ഉയര്‍ത്തിയത്. കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളെ സഹായിക്കുകയാണെന്നും അതുകൊണ്ടാണ് താന്‍ ഹിന്ദുത്വം ഉയര്‍ത്തി പിടിക്കുന്നത് എന്നും പ്രഗ്യ അവകാശപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥൂറാം ഗോഡ്സെ രാജ്യസ്നേഹി ആണെന്നും പറഞ്ഞ് ഇവര്‍ വിവാദം ഉയര്‍ത്തി. പിന്നീട് ഇതിന് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ പ്രഗ്യാ സിങ്ങിന് ഒരിക്കലും മാപ്പ് നല്‍കില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

Read More: ഭോപ്പാലില്‍ പ്രഗ്യാ സിങ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു

2008 സെപ്റ്റംബർ 29 നാണ് മലേഗാവിൽ ഒരു മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച രണ്ട് ബോംബ് പൊട്ടിത്തെറിച്ചത്. ഇതിൽ ഏഴ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.  മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അന്വേഷിച്ചുകൊണ്ടിരുന്ന മലേഗാവ് കേസ് ഏപ്രില്‍ 2011നാണ് എന്‍ഐഎയ്ക്കു കൈമാറുന്നത്. രാംജി കല്‍സംഗ്ര എന്നയാള്‍ക്ക് ബൈക്ക് നല്‍കി എന്നായിരുന്നു സാധ്വിക്കെതിരായി മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ പ്രധാന ആരോപണം. കല്‍സംഗ്ര ഇപ്പോഴും ഒളിവിലാണ്. ഇതിനു പുറമേ, മലേഗാവ് സ്ഫോടനം ആസൂത്രണം ചെയ്യുന്നതിനായി ഭോപ്പാലില്‍ ചേര്‍ന്ന ഗൂഢാലോചനാ യോഗത്തിലും സാധ്വി പങ്കാളിയാണെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന ആരോപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook