ന്യൂഡൽഹി: കത്തുവയിൽ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ, അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്. ജമ്മു കശ്മീർ ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്‌ഐടി)അംഗങ്ങൾക്കെതിരെ കേസെടുക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ചോദ്യം ചെയ്യലിനിടെ തെറ്റായ മൊഴി രേഖപ്പെടുത്തുന്നതിന് സാക്ഷികളെ നിര്‍ബന്ധിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായുള്ള പരാതിയിലാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Read More: കത്തുവ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

കത്തുവ, സാമ്പ ജില്ലകളിൽ താമസിക്കുന്ന സച്ചിന്‍ ശര്‍മ,നീരജ് ശര്‍മ,സഹീല്‍ ശര്‍മ എന്നിവരാണ് പരാതിക്കാര്‍. ഇവർ കേസിലെ സാക്ഷികൾ കൂടിയാണ്. സെപ്റ്റംബർ 24 ന് ജമ്മുവിലെ പക്കാ ദംഗ പോലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു. സാക്ഷികൾ മൂന്നു പേരും കേസില്‍ പഠാന്‍കോട്ട് കോടതി വെറുതെ വിട്ട വിശാല്‍ ജന്‍ഗോത്രയുടെ സൂഹൃത്തുക്കളാണ്.

പ്രത്യേക അന്വേഷണ സംഘത്തലവനായ ആര്‍.കെ.ജല്ല, എ.എസ്.പി പീര്‍ദാസ നവീദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ശതംബരി ശര്‍മ, നിസ്സാര്‍ ഹുസ്സൈന്‍, എസ്.ഐമാരായ ഉര്‍ഫാന്‍ വാനി, കെവാര്‍ കിഷോര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

2018 ജനുവരി 10 ​നാ​ണ് എ​ട്ടു​വ​യ​സു​ള്ള നാ​ടോ​ടി ബാ​ലി​ക​യെ ത​ട്ടി​ക്കൊ​ണ്ടു​പോയ​ത്. ക​ത്തുവ​യി​ലെ ഒ​രു ക്ഷേ​ത്ര​ത്തിനകത്ത് കു​ട്ടി​യെ കെ​ട്ടി​യി​ട്ട് മ​യ​ക്കു​മ​രു​ന്നു ന​ൽകി മ​യ​ക്കി​യ​ശേ​ഷം നാ​ലു ദി​വ​സം കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാക്കു​ക​യാ​യി​രു​ന്നു. പിന്നീട് മൃതദേഹം വനമ്പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. ജമ്മു കശ്മീര്‍ പൊലീസിന്റെ സമര്‍ത്ഥമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

കേസിൽ ആറ് പേര്‍ കുറ്റക്കാരാണെന്ന് പത്താൻകോട്ട് കോടതി കണ്ടെത്തിയിരുന്നു. ഗ്രാമമുഖ്യനായ സഞ്ജി റാം, രണ്ട് പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരായ ദീപക് കജൂരിയ, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, പര്‍വേഷ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത പ്രതി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

ഏഴ് പ്രതികളില്‍ ഒരാളെ വെറുതെ വിട്ടു. മുഖ്യപ്രതി സഞ്ജി റാമിന്റെ മകന്‍ വിശാലിനെയാണ് വെറുതെ വിട്ടത്. ആറ് പേര്‍ക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും ആണ് കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത ആളാണ്.

കേ​സി​ലെ ര​ഹ​സ്യ​വി​ചാ​ര​ണ ജൂ​ൺ മൂ​ന്നി​ന് അ​വ​സാ​നി​ച്ചി​രു​ന്നു. വി​ധി പ​റ​യു​ന്ന പ​ത്താ​ൻ​കോ​ട്ട് പ്ര​ത്യേ​ക കോ​ട​തി​യി​ൽ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ നടന്ന കൊലപാതകം രാജ്യത്ത് ഒട്ടാകെ വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook