കടൽക്കൊലക്കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ അന്വേഷണ നടപടികൾ ഇറ്റാലിയൻ കോടതി അവസാനിപ്പിച്ചു. ഇന്ത്യയിൽ ഇവർക്കെതിരായ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ച് ഏഴ് മാസത്തിന് ശേഷമാണ് നാവികർക്കെതിരായ കൊലപാതകക്കേസ് അന്വേഷണ നടപടികൾ ഇറ്റാലിയൻ കോടതി അവസാനിപ്പിക്കന്നത്.
2012 ഫെബ്രുവരിയിൽ കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ കപ്പലിലുണ്ടായിരുന്ന നാവികർ വെടിവെച്ചുകൊന്നെന്നായിരുന്നു കേസ്. വിചാരണയ്ക്ക് മതിയായ തെളിവുകളില്ലെന്ന് കഴിഞ്ഞ മാസം പ്രോസിക്യൂട്ടർമാർ ബോധിപ്പിച്ചതോടെയാണ് ഇറ്റാലിയൻ കോടതി കേസ് നടപടികൾ നിർത്തിവച്ചതെന്ന് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സാൽവത്തോറെ ജിറോൺ, മാസിമിലിയാനോ ലത്തോറെ എന്നീ നാവികർക്കെതിരെയായിരുന്ന കേസ്. ഇരുവർക്കും അനുകൂലമായ പുതിയ കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായി ഇറ്റാലിയൻ പ്രതിരോധ മന്ത്രി ലോറെൻസോ ഗ്വെറിനി പറഞ്ഞു.
2021 ജൂണിൽ, സുപ്രീം കോടതി കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കുകയും രണ്ട് നാവികരുടെ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.