ന്യൂഡല്‍ഹി : യുക്തിവാദിയും സിപിഐ നേതാവുമായിരുന്ന ഗോവിന്ദ് പന്‍സാരെയെ വെടിവെച്ചുകൊന്ന കേസില്‍ കുറ്റാരോപിതനായ സമീര്‍ ഗൈക്വാദിനു കൊല്‍ഹാപുര്‍ കോടതി ജാമ്യം അനുവദിച്ചു. മുന്‍പ് മൂന്നു തവണകളിലായി ജാമ്യാപേക്ഷ തള്ളിയശേഷം ശനിയാഴ്ചയാണ് ഗൈക്വാദിനു ജാമ്യം നല്‍കാന്‍ കോടതി തീരുമാനിച്ചത്.

വ്യാഴാഴ്ച്ച വാദംകേള്‍ക്കെ, പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കുറ്റപത്രപ്രകാരം കൊലപാതകത്തിനു പിന്നില്‍ രണ്ടില്‍ കൂടുതല്‍പേര്‍ ഉണ്ട് എന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. സമീറിനു കൊലപാതകത്തില്‍ നേരിട്ടുള്ള പങ്കു തെളിയിക്കുന്ന നേരിട്ടുള്ള തെളിവുകളും ദൃക്സാക്ഷിയും ഉണ്ട് എന്നാണ് പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായ ഹര്‍ഷാദ് നിമ്പല്‍കാര്‍ കോടതിയെ അറിയിച്ചത്. ജാമ്യാപേക്ഷയെ എതിര്‍ത്ത നിംബാല്‍കര്‍ കുറ്റാരോപിതന്‍ ഒളിവില്‍ കഴിഞ്ഞയാളാണ് എന്നും സമീറിനു ജാമ്യം നല്‍കുന്നത് കേസിനെ തന്നെ ഇല്ലാതാക്കും എന്നും വാദിച്ചു.

Read More : 2023ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ 150 സംഘടനകൾ

16 ഫെബ്രുവരി 2015 നു കൊല്‍ഹാപൂരില്‍ വച്ചാണ് പ്രഭാതസവാരിക്കിടയില്‍ പന്‍സാരെക്കും ഭാര്യക്കും നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുന്നത്. പരുകേറ്റ ഭാര്യ രക്ഷപ്പെട്ടെങ്കിലും മുംബൈയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പന്‍സാരെയ്ക്ക് നാലുദിവസത്തെ ആയുസ്സ് മാത്രമേ ഭാക്കിയുണ്ടായിരുന്നുള്ളൂ.

സനാതന്‍ സന്‍സ്ഥ എന്ന തീവ്രവലതുപക്ഷ രാഷ്ട്രീയപ്രസ്ഥാനത്തിലെ അംഗമാണ് സമീര്‍ ഗൈക്വാദ്. 2015 സെപ്റ്റംബര്‍ 16നാണ് സമീറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാബോല്‍കര്‍, എം എം കല്‍ബുര്‍ഗി എന്നിവരുടെ വധത്തില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന സംഘടനയാണ് സനാതന്‍ സന്‍സ്ഥ

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ