ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പരാതിയില്‍ റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി കോടതിയുടെ നിര്‍ദേശം. ബാര്‍ ആന്റ് ബെഞ്ച് ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തരൂറിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട രഹസ്യ രേഖകളും അന്വേഷണ വിവരങ്ങളും കൈക്കലാക്കിയതിനാണ് നടപടി.

ഇതിനെതിരെ തരൂര്‍ കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കും പൊതുജനത്തിന് മുമ്പിലും വെക്കുന്നത് അനുവദനീയമല്ലെന്ന് കാണിച്ചായിരുന്നു തരൂര്‍ പരാതിപ്പെട്ടത്. ചാനലിന്റെ വ്യൂവര്‍ഷിപ് വര്‍ധിപ്പിക്കാനായി തനിക്കെതിരെ നിരന്തരമായി റിപബ്ലിക് ടി.വി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്താറുണ്ടെന്നും തരൂര്‍ ചൂണ്ടിക്കാണിച്ചു. തന്റെ സമ്മതമില്ലാതെ സ്വകാര്യ ഇ-മെയില്‍ വിവരങ്ങളും ചാനല്‍ കൈക്കലാക്കിയെന്നും കോണ്‍ഗ്രസ് എം.പി പരാതിപ്പെട്ടു.

ജനുവരി 21നാണ് പട്യാല ഹൗസ് കോടതി അര്‍ണബിനെതിരെ ഉത്തരവ് പുറപ്പെടുവിച്ചത്. അപകീര്‍ത്തി കേസില്‍ അര്‍ണബിനെതിരെ ഡല്‍ഹി ഹൈക്കോടതിയിലും നിയമനടപടി നടക്കുന്നതായി കോടതി നിരീക്ഷിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ