/indian-express-malayalam/media/media_files/uploads/2021/06/Supreme-Court-2-1.jpg)
ന്യൂഡല്‍ഹി: ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഭരണഘടനാ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നു സുപ്രീം കോടതി. തിരുപ്പതി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളില്‍ തെറ്റായതും ക്രമരഹിതവുമായ നടപടിക്രമങ്ങള്‍ പിന്തുടരുന്നുവെന്ന് ആരോപിച്ചുള്ള ഭക്തന്റെ അപ്പീലിലാണ് ഉത്തരവ്. ഹര്‍ജി നേരത്തെ ആന്ധ്രാപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു
''റിട്ട് പ്രകാരം ഇത് കോടതിക്ക് പരിഗണിക്കാനാവില്ല. പൂജയ്ക്കപ്പുറം നിയമങ്ങളും ചട്ടങ്ങളും ഭരണസംവിധാനം അവഗണിക്കുകയോ മറ്റേതെങ്കിലും ക്രമീകരണങ്ങളുടെ ലംഘനം നടത്തുകയോ ചെയ്തെങ്കില്‍ മാത്രമേ ഹര്‍ജിക്കാരനോ മറ്റേതെങ്കിലും ഭക്തനോ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ വ്യക്തമാക്കാന്‍ ഞങ്ങള്‍ക്കു തിരുമല തിരുപ്പതി ദേവസ്ഥാനത്തോട് ആവശ്യപ്പെടാന്‍ കഴിയൂ. ഇതല്ലാതെ, ഞങ്ങള്‍ സേവകളില്‍ ഇടപെടുന്നത് പ്രായോഗികമല്ല, ''ബെഞ്ച് പറഞ്ഞു.
അതേസമയം, കോടതി ഉത്തരവ് ക്ഷേത്രഭരണസമിതിക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും അപ്പീല്‍ നല്‍കിയ ആള്‍ക്ക് എട്ടാഴ്ചയ്ക്കുള്ളില്‍ കൃത്യമായ മറുപടി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹർജിക്കാരന് ഇനിയും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഉചിതമായ ഫോറത്തെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
ആചാരപ്രകാരം അഭിഷേകം നടത്തണമെന്നായിരുന്നു ഹര്‍ജിക്കാരനായ ശ്രീവരി ദദ്ദയുടെ വാദം. ഇദ്ദേഹത്തിന്റെ പരാതിയില്‍ കൃത്യമായ വിശദീകരണം നല്‍കാത്തത് എന്തുകൊണ്ടാണെന്നു ബെഞ്ച് ദേവസ്ഥാനത്തോട് ചോദിച്ചു. ഹര്‍ജിക്കാരന്റെ ഓരോ പരാതിയും പരിഗണിച്ചിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ടിടിഡിയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ പൂജാവിധികള്‍ നിഷ്ഠപ്രകാരമെന്ന് വിശദമായി മറുപടി നല്‍കണമെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു.
Also Read: 20 വര്‍ഷത്തിനിടെ രാജ്യത്ത് 1,888 കസ്റ്റഡി മരണം; ശിക്ഷിക്കപ്പെട്ടത് 26 പൊലീസുകാര്‍ മാത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.