ഹൈദരാബാദ്: പ്രണയദിനത്തിൽ ഹൈദരാബാദിലോ തെലങ്കാനയിലോ അവിവാഹിതരായ കമിതാക്കൾ പുറത്ത് കറങ്ങി നടക്കുന്നത് കണ്ടാൽ അവരെ രാജ്യസ്നേഹത്തെക്കുറിച്ചും രാജ്യത്തിനുവേണ്ടിയുള്ള ത്യാഗത്തെക്കുറിച്ചും പഠിപ്പിക്കുമെന്ന് ബജ്‌റംഗ്‌ദൾ സംസ്ഥാന യൂണിറ്റ്.

“കഴിഞ്ഞ വർഷം ഈ ദിവസം, ജമ്മു കശ്മീരിലെ പുൽവാമയിൽ പാക്കിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരാക്രമണത്തിൽ ഞങ്ങളുടെ ധീരരായ 45 സൈനികർ കൊല്ലപ്പെട്ടു. നമ്മുടെ ശത്രുവിന്റെ ആ ഭീരുത്വം മറന്ന് പ്രണയം ആഘോഷിക്കാൻ നമുക്ക് എങ്ങനെ കഴിയും?” തെലങ്കാന, ആന്ധ്രാപ്രദേശ് വിഎച്ച്പി പബ്ലിസിറ്റി കൺവീനർ പി.ബാലസ്വാമി പറഞ്ഞു.

“കമിതാക്കൾ ഈ വർഷം പാർക്കുകൾ, മാളുകൾ, ക്ലബ്ബുകൾ, പബ്ബുകൾ, റസ്റ്ററന്റുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സമയം ചെലവഴിക്കുന്നതായി കണ്ടാൽ, കഴിഞ്ഞ വർഷത്തേത് പോലെ ഞങ്ങൾ അവരെ വിവാഹം കഴിപ്പിക്കില്ല. നമ്മുടെ ജനതയോടുള്ള സ്നേഹത്തെക്കുറിച്ച് ഞങ്ങൾ അവരെ ഉപദേശിക്കുകയും നമ്മുടെ ധീരരായ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും,” ബാലസ്വാമി പറഞ്ഞു.

Read More: പിടി തരാതെ കൊറോണ വൈറസ്; മരണം 1486

സൈനികരുടെ ത്യാഗങ്ങൾ “പ്രചോദനത്തിന്റെ ഉറവിടവും ദേശസ്‌നേഹത്തിന്റെ അർത്ഥവും” പഠിപ്പിക്കുന്നതാണെന്ന് ബാലസ്വാമി പറഞ്ഞു.
“വെള്ളിയാഴ്ച തങ്ങളുടെ 500 വോളന്റിയർമാർ ഹൈദരാബാദിലെ തെരുവുകളിൽ ഉണ്ടാകും. ഇത് സംസ്ഥാന വ്യാപക പരിപാടിയാണ്, ഞങ്ങളുടെ ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർ ഇതിന് തയ്യാറാണ്,” ബാലസ്വാമി കൂട്ടിച്ചേർത്തു.

ഫെബ്രുവരി 12 ന് ഹൈദരാബാദിലെ വിഎച്ച്പി, ബജ്റംഗ്‌ദൾ പ്രവർത്തകർ കോട്ടിക്ക് സമീപം ഒരു റാലി നടത്തി 200 ലധികം വാലന്റൈൻസ് ഡേ ഗ്രീറ്റിങ് കാർഡുകൾക്ക് തീയിട്ടിരുന്നു. തെലങ്കാന ഡിജിപി എം.മഹേന്ദർ റെഡ്ഡിയെ തങ്ങൾ സന്ദർശിച്ചതായും ഹൈദരാബാദിൽ വാലന്റൈൻസ് ഡേ ആഘോഷങ്ങൾ നിർത്തണമെന്ന് അഭ്യർത്ഥിച്ചതായും ബജ്‌റംഗ്‌ദൾ ഭാരവാഹികൾ പറഞ്ഞു. ആഘോഷങ്ങൾ അനുവദിക്കരുതെന്ന് പബ്ബുകൾക്കും ഹോട്ടൽ മാനേജ്‌മെന്റുകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ ദിവസത്തെ “വീർ ജവാൻ ദിവസ്” എന്ന് അടയാളപ്പെടുത്താനാണ് ബജ്‌റംഗ്‌ദൾ തീരുമാനം. പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി നഗരത്തിലെ രണ്ട് ഡസനിലധികം സ്ഥലങ്ങൾ അവർ കണ്ടെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook