ന്യൂഡൽഹി: ഉറങ്ങിക്കിടന്ന പെൺമക്കളെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കൾ ഫ്ലാറ്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഗാസിയാബാദിലെ ഇന്ദിരാപുരത്ത് ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഭർത്താവിന്റെ രണ്ടാം ഭാര്യയെന്നു കരുതപ്പെടുന്ന സ്ത്രീയും ഇവർക്കൊപ്പം കെട്ടിടത്തിൽ നിന്നും താഴേയ്ക്ക് ചാടിയിട്ടുണ്ട്. ഇവരെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താമസിക്കുന്ന ഫ്ലാറ്റിന്റെ എട്ടാം നിലയിൽനിന്ന് ചാടുന്നതിന് മുമ്പ് മാതാപിതാക്കൾ തന്നെയാണ് ഉറങ്ങിക്കിടന്ന രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കുട്ടികളെ കൊലപ്പെടുത്തിയശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. അന്വേഷണം തുടരുകയാണ്.

“അന്വേഷണത്തിൽ രണ്ട് സ്ത്രീകളും മരിച്ചയാളുടെ ഭാര്യമാരാണെന്ന് കണ്ടെത്തി. ഞങ്ങൾ ഫ്ലാറ്റ് തുറന്നപ്പോൾ രണ്ട് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. അവരുടെ ഫ്ലാറ്റിൽ നിന്ന് ആത്മഹത്യാക്കുറിപ്പും ലഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണം” ഗാസിയാബാദ് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്‌പി) സുധീർ കുമാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളുടെ മുറിയിലെ ചുമരുകളിലൊന്നിൽ ആത്മഹത്യാ കുറിപ്പ് കോറിയിട്ടത് കണ്ടതായും റിപ്പോർട്ടിൽ പറയുന്നു.

അടുത്തിടെയാണ് ഈ കുടുംബം പുതിയ സ്ഥലത്തേക്ക് താമസം മാറിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. “പുലർച്ചെ അഞ്ച് മണിക്കും 5.15നും ഇടയിലാണ് സംഭവം നടന്നത്. എന്തോ ശബ്ദം കേട്ട് നോക്കാനായി പുറത്തിറങ്ങിയപ്പോൾ മൂന്ന് പേർ താഴെ വീണു കിടക്കുന്നതായി കണ്ടു. ഞാൻ ഉടൻ തന്നെ സൂപ്പർവൈസറേയും പൊലീസിനേയും വിളിച്ചു,” ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനായ അജാസ് കരീം ഖാൻ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook