സൂറത്ത്: പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് ഇന്ത്യ. 40 ജവാന്മാരെയാണ് രാജ്യത്തിന് നഷ്ടമായത്. സംസ്ഥാന സര്‍ക്കാരുകള്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിനായി സഹായഹസ്തം നീട്ടുമ്പോഴാണ് സുറത്തില്‍ നിന്നുളള ഒരു കുടുംബവും ഇതില്‍ പങ്കാളികളാകുന്നത്. ഇന്നലെ വിവാഹിതരായ ആമിക്കും മീതിനും വേണ്ടിയുളള വിവാഹ ചടങ്ങുകള്‍ സേത്, സാങ്‍വി കുടുംബങ്ങള്‍ വളരെ ലളിതമായാണ് നടത്തിയത്.
വിവാഹ ചടങ്ങ് ലളിതമായി നടത്തുകയും വിവാഹ സത്കാരം അടക്കമുളള പരിപാടികള്‍ റദ്ദാക്കുകയും ചെയ്തു. ഇതിന്റെ തുക വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിനാണ് നല്‍കിയത്. 11 ലക്ഷം രൂപയാണ് ഇവര്‍ സൈനികരുടെ കുടുംബത്തിന് നല്‍കിയത്. കൂടാതെ 5 ലക്ഷം രൂപ സൈനികര്‍ക്കും സംഭാവന ചെയ്തു.
നേരത്തെ ഭക്ഷണത്തിനും സത്കാരത്തിനും ഏര്‍പ്പാടുകള്‍ ആക്കിയിരുന്നു. കാറ്ററിങ് സര്‍വീസ് ഏറ്റെടുത്തവരും കുടുംബത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുകയും തങ്ങളുടെ നഷ്ടം കണക്കാക്കുന്നില്ലെന്ന് അറിയിക്കുകയുമായിരുന്നു.