ഓര്‍ഫന്‍ എന്ന സിനിമ കണ്ടവരാരും മറന്നുകാണില്ല. അനാഥാലയത്തില്‍ നിന്നു പെണ്‍കുട്ടിയെ ദത്തെടുക്കുന്ന ദമ്പതികളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണു ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒമ്പത് വയസുകാരിയെയാണ് അവര്‍ ദത്തെടുക്കുന്നത്. എന്നാല്‍ ദമ്പതികളെയും വീട്ടിലെ മറ്റു കുട്ടികളെയും അവള്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നു. ഒടുവില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തങ്ങളിത്ര നാളും ഒമ്പത് വയസുകാരിയെന്ന് വിശ്വസിച്ചിരുന്ന പെണ്‍കുട്ടി ഒരു മുതിർന്ന സ്ത്രീയാണെന്നു വെളിപ്പെടുന്നതാണു സിനിമ.

സിനിമയിലൂടെ ലോകം ഞെട്ടിയ ആ കഥ അമേരിക്കയില്‍ യഥാര്‍ത്ഥ്യമായിരിക്കുകയാണ്. ക്രിസ്റ്റീന്‍ ബാര്‍നെറ്റ് – മെെക്കിള്‍ ബാര്‍നെറ്റ് ദമ്പതികളുടെ ജീവിതത്തിലാണു സിനിമാ കഥയെ പോലും വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. തങ്ങള്‍ ദത്തെടുത്ത കുട്ടിയെ ഉപേക്ഷിച്ച് കാനഡയിലേക്കു നാടുവിടാന്‍ ശ്രമിച്ചതിനു പിടിലായ ഇരുവരുടെയും വെളിപ്പെടുത്തലാണ് സംഭവങ്ങളുടെ ചുരുളഴിച്ചത്.

ഒമ്പതു വര്‍ഷം മുമ്പാണു ക്രിസ്റ്റീനും മൈക്കിളും ചേര്‍ന്ന് നതാലിയയെ ദത്തെടുക്കുന്നത്. ഉക്രൈനിലായിരുന്ന നതാലിയയുടെ ജനനമെന്നും ദത്തെടുക്കുമ്പോള്‍ ആറ് വയസായിരുന്നു പ്രായമെന്നുമാണ് രേഖകള്‍ പറയുന്നത്. എന്നാല്‍ പിന്നീട് തങ്ങള്‍ ദത്തെടുത്തത് ഒരു കുട്ടിയെ അല്ലെന്നും മുതിര്‍ന്ന സ്ത്രീയെയാണെന്നും ദമ്പതികള്‍ തിരിച്ചറിയുന്നത്. ഉയരക്കുറവുള്ള നതാലിയ ഒരു കുട്ടിയായി അഭിനയിക്കുകയായിരുന്നുവെന്നും സോഷ്യോ പാത്ത് ആണെന്നും വ്യക്തമായി. മൂന്ന് അടിയാണ് നതാലിയയുടെ ഉയരം.

പെണ്‍കുട്ടിയുടെ പ്രായം ഒമ്പതല്ലെന്നും 22 ആണെന്നും തങ്ങളെ കൊല്ലാനായി ശ്രമങ്ങള്‍ നടത്തിയതായും ദമ്പതികള്‍ പറയുന്നു. കുത്തിക്കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും കാപ്പിയിൽ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചിരുന്നതായും അവര്‍ പറയുന്നു. തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും കുട്ടിയാണെന്നു പറഞ്ഞാണു നതാലിയയെ തങ്ങള്‍ക്കു കൈമാറിയതെന്നും അവര്‍ പറയുന്നു.

”കുടുംബത്തിലെ അംഗങ്ങളെ കൊല്ലണമെന്നു പറയുമായിരുന്നു. അതിന്റെ ചിത്രങ്ങള്‍ വരച്ച് പുതപ്പിനുള്ളില്‍ പൊതിഞ്ഞുവയ്ക്കുമായിരുന്നു. രാത്രി ഉറക്കത്തിനിടെ എഴുന്നേറ്റു വന്ന് ആളുകളുടെ മുകളില്‍ കയറിനില്‍ക്കും. ഉറങ്ങാന്‍ സാധിക്കില്ല. വീട്ടിലുണ്ടായിരുന്ന കൂര്‍ത്ത വസ്തുക്കളൊക്കെ ഒളിപ്പിച്ചുവയ്‌ക്കേണ്ടി വന്നു. എന്റെ കാപ്പിയിൽ രാസവസ്തുക്കൾ ഇടുന്നത് കണ്ട് എന്താണു ചെയ്യുന്നതെന്നു ചോദിച്ചപ്പോള്‍ എന്നെ കൊല്ലാന്‍ പോവുകയാണെന്നാണു പറഞ്ഞത്” ക്രിസ്റ്റീന്‍ പറയുന്നു.

മുതിര്‍ന്നവരില്‍ മാത്രം കണ്ടുവരുന്ന മാനസിക പ്രശ്‌നങ്ങളാണു നതാലിയയ്ക്കുള്ളതെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. ഓടുന്ന കാറില്‍നിന്നു ചാടുക, കണ്ണാടിയില്‍ ചോര കൊണ്ടെഴുതുക. തുടങ്ങി ഒരു കുട്ടി ചെയ്യുമെന്ന് ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങളായിരുന്നു അവള്‍ ചെയ്തിരുന്നതെന്നും ക്രിസ്റ്റീന്‍ പറഞ്ഞു.

കാനഡയ്ക്കു പോകും മുമ്പ് നതാലിയെ തങ്ങള്‍ കോളേജില്‍ ചേര്‍ത്തെന്നും ഒരു വര്‍ഷം വീടിന്റെ വാടക നല്‍കിയെന്നുമാണു ക്രിസ്റ്റീന്‍ പറയുന്നത്. എന്നാല്‍ 2013 മുതല്‍ നതാലിയയെ കാണാനില്ല. ഫോണ്‍ കോളുകള്‍ക്കും മറുപടിയില്ല. മൂന്നു കുട്ടികളുടെ മാതാപിതാക്കളാണു ക്രിസ്റ്റീനും മൈക്കിളും.

Read Here: വീപ്പയിലെ അസ്ഥികൂടം; കേരളത്തെ നടുക്കിയ കൊലപാതകത്തിന് പ്രേരണ ജപ്പാനിൽ നിന്നോ ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook