ചെന്നൈ: യുട്യൂബ് വീഡിയോ സഹായത്തോടെ വീട്ടിൽ പ്രസവിച്ച യുവതി രക്തം വാർന്നു മരിച്ചു. 28 കാരിയായ കൃതികയാണ് കുഞ്ഞിനെ പ്രസവിച്ചശേഷം അമിത രക്തസ്രാവം മൂലം മരിച്ചത്. തമിഴ്നാട്ടിലെ തിരുപൂരിലാണ് നടുക്കുന്ന സംഭവം.

പുതുപാളയത്തിന് അടുത്തുളള രത്നഗിരിസ്വരാരിൽ ഭർത്താവ് കാർത്തികേയനൊപ്പമാണ് കൃതിക താമസിച്ചിരുന്നത്. സ്കൂൾ ടീച്ചറാണ്. യുട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടിൽ പ്രസവം നടത്താൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ പ്രസവത്തെ തുടർന്ന് രക്തസ്രാവം ഉണ്ടാവുകയായിരുന്നു. കൃതികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്ക് മൂന്നു വയസ്സുളള ഒരു മകളുണ്ട്.

രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്ന് നല്ലൂർ പൊലീസ് അറിയിച്ചു. രണ്ടു മണിയോടെ പ്രസവവേദന തുടങ്ങിയെങ്കിലും കുഞ്ഞു ജനിച്ചശേഷം 3.30 ഓടെയാണ് യുവതിയെ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്തുവെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

വീട്ടിൽ പ്രവസം നടത്താൻ ദമ്പതികളെ പ്രേരിപ്പിച്ചത് സുഹൃത്തും ഭാര്യയും ചേർന്നാണെന്ന് സിറ്റി ഹെൽത്ത് ഓഫിസർ കെ.ഭൂപതി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കൃതിക ഗർഭിണിയാണെന്ന വിവരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ശിശു മരണ നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഗർഭിണികൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ റജിസ്റ്റർ ചെയ്യണമെന്നത് തമിഴ്നാട്ടിൽ നിർബന്ധമാണ്. അങ്ങനെ റജിസ്റ്റർ ചെയ്യാത്തവർക്ക് ജനന സർട്ടിഫിക്കറ്റ് ലഭിക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook