ന്യൂയോർക്: ലോകത്ത് ഭീകരവാദ പ്രവവർത്തനങ്ങൾക്ക് സഹായം ചെയ്യുന്ന രാജ്യങ്ങൾ വലിയ വില  നൽകേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടർസ്. ഭീകരവാദത്തെ ചെറുക്കുന്നതിന് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.  ബുധനാഴ്ച കാബൂളിൽ എത്തിയ ഇദ്ദേഹം അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനിയുമായി ചർച്ച നടത്തി.

ഭീകരവാദത്തെ പാക്കിസ്ഥാൻ സഹായിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് അഫ്ഗാൻ നൽകിയ രേഖകളെ കുറിച്ചാണ് വാർത്ത സമ്മേളനത്തിൽ മാധ്യമപ്രവർത്തകൻ അന്റോണിയോ ഗുട്ടറോട് ചോദിച്ചത്. യുഎൻ രക്ഷാസമിതിയുടെ പരിധിയിൽ പെടുന്ന കാര്യങ്ങളാണിതെന്ന് പറഞ്ഞ ഗുട്ടർ, തന്റെ ഓഫീസ് ഇരുരാജ്യങ്ങളും ഒരുമിച്ച് ഭീകരവാദത്തെ ചെറുക്കുന്നതിന് സഹായകരമാകുന്ന എല്ലാം ചെയ്യുമെന്നും ഉറപ്പു പറഞ്ഞു.

ഷാംഗ്ഹായി സഹകരണ സമ്മേളനത്തിന് മുന്നോടിയായി പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനിയും ചർച്ച നടത്തിയിരുന്നു. കസാഖിൽ വച്ച് താൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായും ചർച്ച നടത്തിയിരുന്നുവെന്ന് അന്റോണിയോ ഗുട്ടേർസ് പറഞ്ഞു.

ഇറാനും ചൈനയും ഭീകരർക്ക് സഹായം ചെയ്യുന്നുവെന്ന വാർത്ത തള്ളിക്കളഞ്ഞ ഗുട്ടർ, ഇക്കാര്യത്തിൽ തനിക്ക് യാതൊരു സംശയവും ഇല്ലെന്നും വ്യക്തമാക്കി.

മറ്റ് രാജ്യങ്ങളുമായി ബന്ധം നിലനിർത്തി ഏതെങ്കിലും വിധത്തിൽ ഭീകരവാദത്തെ സഹായിക്കുന്ന നിലപാടെടുക്കുന്ന രാജ്യങ്ങൾ ഒരിക്കൽ തങ്ങളുടെ പ്രവർത്തനത്തിന് വലിയ വില നൽകേണ്ടി വരുമെന്ന് ഇതിന് വിശദീകരണമായി അദ്ദേഹം പറഞ്ഞു.

കാബൂളിന്റെ പ്രാന്ത പ്രദേശങ്ങളിൽ അഭയാർത്ഥികളായി കഴിയുന്ന ആൾക്കാരെ യുഎൻ സെക്രട്ടറി ജനറൽ സന്ദർശിച്ചു. സമാധാനമാണ് എല്ലാത്തിന്റെയും പരിഹാരമെന്നും യുദ്ധമല്ലെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook