ന്യൂഡൽഹി: രാജ്യത്ത് ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയ സഖ്യത്തെ നേരിടാൻ മതനിരപേക്ഷ-ജനാധിപത്യ കക്ഷികളുടെ വിശാല പ്ലാറ്റ്‌ഫോം ആവശ്യമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വെസ്റ്റ് ബംഗാൾ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃപുരയിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് യെച്ചൂരിയുടെ പ്രസ്താവന. ബദൽ നയങ്ങളുപയോഗിച്ചാവണം ബിജെപിയെ നേരിടുന്നത്. അല്ലാതെ ബദൽ നേതാക്കളെ കണ്ടുകൊണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. നവലിബറൽ നയങ്ങളെയും വർഗ്ഗീയ രാഷ്ട്രീയത്തെയും ചെറുക്കാൻ ബദൽനയങ്ങൾ കൊണ്ടേ സാധിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലാഭേച്ഛയോടെയാണ് കേന്ദ്രത്തിലെ എൻഡിഎ സർക്കാർ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ യെച്ചൂരി കോൺഗ്രസാണ് ഇത് തുടങ്ങിവച്ചതെന്നും പറഞ്ഞു. എന്നാൽ ബിജെപി സർക്കാർ ഇത് കൂടുതൽ ആവേശത്തോടെ നടപ്പിലാക്കുകയാണെന്നും കുറ്റപ്പെടുത്തി. മഹത്തായ ഇന്ത്യൻ ചരിത്രത്തിന്റെ സ്ഥാനത്ത് ഹിന്ദു ഐതിഹ്യം വച്ച് പുനസ്ഥാപിക്കാനാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമം.

കോൺഗ്രസുമായുളള സഹകരണത്തിനായി വാദിക്കുന്ന വലിയ വിഭാഗം നേതാക്കളാണ് ബംഗാളിലുളളത്. ഇവിടെ പ്രകാശ് കാരാട്ടിന്റെ രേഖയ്ക്ക് എതിരെ ശക്തമായ വാദപ്രതിവാദങ്ങൾ നടക്കാനിടയുണ്ട്. കേരളത്തിന്റെ നിലപാടിന് വിരുദ്ധമായരിക്കും ഇത്. ജനുവരി 21 ന് വോട്ടെടുപ്പിലൂടെയാണ് യെച്ചൂരിയുടെ ബദൽരേഖ കേന്ദ്രകമ്മിറ്റി തളളിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook