കോവിഡ് -19 പകർച്ചവ്യാധി രൂക്ഷമായിരിക്കുമ്പോഴും സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന് ആവശ്യം ശ്വാസം കഴിക്കുക എന്നതാണെന്നും പ്രധാനമന്ത്രിയുടെ വസതിയല്ലെന്നും രാഹുൽ പറഞ്ഞു.
ഒരു പുതിയ പാർലമെന്റ് കെട്ടിടം ഉൾപ്പെടെയുള്ള നിർമാണങ്ങൾ അടങ്ങുന്നതാണ് സെൻട്രൽ വിസ്റ്റ പദ്ധതി.
ഡൽഹിയിൽ ലോക്ക്ഡൗൺ തുടരുന്ന സമയത്ത് തൊഴിലാളികളെ സുഗമമായി പദ്ധതി പ്രദേശത്ത് എത്തിക്കുന്നതിനായി പദ്ധതിയെ അവശ്യ സേവനങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
“രാജ്യത്തിന് ശ്വസിക്കുക എന്നതാണ് ആവശ്യം, പ്രധാനമന്ത്രിയുടെ വസതിയല്ല,” രാഹുൽ ഗാന്ധി ട്വീറ്റിൽ പറഞ്ഞു. ഓക്സിജൻ സിലിണ്ടറുകൾ വീണ്ടും നിറയ്ക്കുന്നതിനായി ക്യൂവിൽ നിൽക്കുന്ന ആളുകളുടെ ചിത്രങ്ങളും രാജ്പാത്തിലെ സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ചാണ് രാഹുലിന്റെ ട്വീറ്റ്.
Read More: കോവിഡ് രണ്ടാം തരംഗം; കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍, ആർഎസ്‌എസ്-ബിജെപിയില്‍ അഭിപ്രായ ഭിന്നത
കോവിഡ്-19 കേസുകൾ വർദ്ധിച്ചുവരുന്നതിനിടെ നിരവധി സംസ്ഥാനങ്ങൾ ഓക്സിജന്റെ അഭാവം നേരിടുന്നുണ്ട്.
ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി കോവിഡ് -19 വ്യാപനത്തിനിടെ സെൻട്രൽ വിസ്ത പോലുള്ള പദ്ധതികൾ ഉപേക്ഷിച്ച് രാജ്യത്തിന്റെ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിന് മുൻഗണന നൽകണമെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമായ നിർമാണ പ്രവർത്തനങ്ങളെ “അവശ്യ സേവനങ്ങൾ” എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനെ പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുകയും സർക്കാരിൻറെ മുൻഗണനകൾ തെറ്റാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
മറ്റൊരു ട്വീറ്റിൽ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ പകർച്ചവ്യാധി അതിവേഗം പടരുകയാണെന്ന് ഗാന്ധി പറഞ്ഞു.
Read More: ഓക്സിജൻ വിതരണം നിരീക്ഷിക്കാൻ സുപ്രീം കോടതിയുടെ ടാസ്ക് ഫോഴ്സ്
“നഗരങ്ങൾക്ക് ശേഷം ഇപ്പോൾ ഗ്രാമങ്ങളും ദൈവത്തെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു,” മുൻ കോൺഗ്രസ് പ്രസിഡന്റ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
ഞായറാഴ്ച ഇന്ത്യയിൽ 4,03,738 പേർക്കാണ് പുതുതായി കോവിഡ് -19 റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധകൾ 2,22,96,414 ആയി ഉയർന്നു. 4,092 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,42,362 ആയി ഉയർന്നു.