ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഞാനും കാവല്ക്കാരന് ക്യാമ്പയിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണ്പൊത്തുകയാണെന്നും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളേയും നശിപ്പിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. ഗംഗാ യാത്രിയ്ക്കിടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. എന്തും ചെയ്യാമെന്ന് കരുതുന്ന നാലോ അഞ്ചോ ആളുകളാണ് രാജ്യം ഭരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
Read More: ‘പപ്പുവിന്റെ പപ്പി’; പ്രിയങ്കാ ഗാന്ധിയെ അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി
”ചിലര്‍ മാത്രമാണ് തീരുമാനമെടുക്കുന്നത്. അവര്‍ കരുതുന്നത് അവര്‍ക്ക് ജനങ്ങളെ കബളിപ്പിക്കാനാകുമെന്നാണ്. ജനങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നാണ് അവര്‍ കരുതുന്നത്” സിര്‍സയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കവെ പ്രിയങ്ക പറഞ്ഞു. രാജ്യം ആരുടേയും സ്വന്തമല്ലെന്നും ഉണരൂ രാജ്യത്തെ രക്ഷിക്കൂവെന്നും പ്രിയങ്ക ജനങ്ങളോടായി ആഹ്വാനം ചെയ്തു. മോദിയുടെ ഞാനും കാവല്ക്കാരന് പ്രയോഗത്തേയും പ്രിയങ്ക കടന്നാക്രമിച്ചു.”പണക്കാര്‍ക്ക് മാത്രമേ കാവല്ക്കാരുള്ളൂ, കര്ഷകര്ക്കല്ലെന്നായിരുന്നു ഒരു കര്ഷകന് എന്നോട് പറഞ്ഞത്” പ്രിയങ്ക പറഞ്ഞു.
”ഞാന്‍ ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് വന്നത് എന്തുകൊണ്ടാണ് എന്ന് നിങ്ങള്‍ക്കറിയാമോ? രാജ്യം അപകടത്തിലാണ്. രാജ്യത്തെ സ്ഥാപനങ്ങള്‍ അപകടത്തിലാണ്. അപകടം തിരിച്ചറിയേണ്ടത് നിങ്ങള്‍ തന്നെയാണ്. മറ്റുള്ളവര്‍ നിങ്ങള്‍ക്ക് വേണ്ടി തീരുമാനങ്ങളൈടുക്കാന് സമ്മതിക്കരുത്” പ്രിയങ്ക പറഞ്ഞു.
ത്രിവേണി സംഗമത്തില്‍ പൂജ നടത്തിയശേഷമാണ് പ്രിയങ്ക യാത്രയ്ക്ക് തുടക്കമിട്ടത്. പ്രയാഗ്രാജിലെ ഹനുമാന് ക്ഷേത്രത്തിലും പ്രിയങ്ക പൂജ നടത്തി. നിങ്ങളുടെ വേദനകള്‍ തിരിച്ചറിയാന്‍ നിങ്ങളുടെ വാതില്‍പ്പടിയിലേക്ക് ഞാനെത്തുന്നുവെന്നാണ് പ്രിയങ്ക ജനങ്ങളോട് പറഞ്ഞിരിക്കുന്നത്.
Also Read: ത്രിവേണി സംഗമത്തിൽ പൂജ നടത്തി പ്രിയങ്ക ഗാന്ധി; ഗംഗ യാത്രയ്ക്ക് തുടക്കമായി
പ്രയാഗ്രാജില്‍നിന്നും വാരണാസി വരെയാണ് പ്രിയങ്കയുടെ യാത്ര. പ്രയാഗ്രാജിലെ മനയ്യയില്നിന്നും സ്റ്റീമര്‍ ബോട്ടിലാണ് പ്രിയങ്കയും സംഘവും ഇന്നു യാത്ര ചെയ്യുക. വിദ്യാര്‍ത്ഥികളുമായി ബോട്ട് പേ ചര്‍ച്ചയും പ്രിയങ്ക നടത്തി. മാര്‍ച്ച് 18 മുതല്‍ 20 വരെയാണ് പ്രിയങ്കയുടെ യാത്ര. ഞായറാഴ്ചയാണ് ലക്നൗവിലെ പാര്‍ട്ടി ആസ്ഥാന ഓഫിസില്‍ പ്രിയങ്ക എത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തുകയും ചെയ്തു.