ന്യൂഡൽഹി: മതത്തിന്റെ പേരിൽ നടക്കുന്ന വിഭാഗീയത രാജ്യത്തെ വീണ്ടും വിഭജിക്കുകയാണെന്ന് ഇന്ത്യൻ കാത്തലിക് ബിഷപ്പ് കൗൺസിലിന്റെ പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ളീമിസ് പറഞ്ഞു. “ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്” ആദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവ വീക്ഷണത്തിൽ പറയുകയാണെങ്കിൽ മതപരമായ ധ്രുവീകരണം രാജ്യത്തു സംഭവിച്ചു കൊണ്ടിരിക്കുന്നു. സത്നാ ജില്ലയിൽ വലിയ തോതിൽ പുരോഹിതർക്ക് നേരെയും, സെമിനാരികൾക്കു നേരെയും ആക്രമം നടന്നു കൊണ്ടിരിക്കുന്നു. സംസ്ഥാന സർക്കാർ കുറ്റവാളികളെ പിടിക്കുന്നതിനു പകരം, പുരോഹിതർക്കെതിരെ കേസെടുക്കുന്നു. ഈ സാഹചര്യത്തിൽ സർക്കാരിനെ വിശ്വാസത്തിലെടുക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്” -അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യൻ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ.

“എനിക്കറിയാം, ഇത്തരം ചില സംഭവങ്ങൾ ഇന്ത്യയെപ്പോലെ ഒരു വലിയ രാജ്യത്തു സംഭവിക്കാം. എന്നാൽ ഇത്തരം അവസരങ്ങളിൽ ഒരു സർക്കാരിന്റെ നിലപാടിനെയും, ദൃഢതയേയും എങ്ങിനെയാണ് നമ്മൾ അളക്കുന്നത്?. അത് അനന്തര നടപടിയെയും, നിയമ പരിരക്ഷയെയും മുൻനിർത്തി മാത്രമാണ് .”-കർദിനാൾ ബസേലിയോസ് ക്ലീമിസ് ചൂണ്ടിക്കാട്ടി.

“രാജ്യം മത വിശ്വാസങ്ങളുടെ പേരിൽ വിഭജിക്കപ്പെടുകയാണ്. ഒരു ജനാധിപത്യ രാജ്യത്തിന് ഇത് ഭൂഷണമല്ല.എന്റെ രാജ്യം മതനിരപേക്ഷതയുടെ ഒറ്റ ചരടിൽ ബന്ധിക്കപ്പെടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ അതല്ല ഇന്നത്തെ സ്ഥിതി. ഇതിനെതിരെ പോരാടേണ്ടതുണ്ട്”.

കഴിഞ്ഞ ആഴ്ചയാണ് ബിജെപി അധികാരത്തിലുള്ള മധ്യപ്രദേശിലെ സത്ന ജില്ലയിൽ മുപ്പതോളം വരുന്ന കരോൾ സംഘത്തെ മതപരിവർത്തനമാരോപിച്ചു പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഗ്രാമവാസികളെ നിർബന്ധമായി മതപരിവർത്തനത്തിന് വിധേയമാക്കുകയാണെന്ന ബജ്‌റംഗ്‌ദൾ പ്രവർത്തകരുടെ ആരോപണത്തെ തുടർന്നായിരുന്നു ഇത്. ഇതിൽ ഒരു പുരോഹിതനെ മതപരിവർത്തന നിരോധന നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തിലേക്ക് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനായി കർദിനാൾ ക്ലീമിസിന്റെ നേതൃത്വത്തിലുള്ള സിബിസിഐ സംഘം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ടിരുന്നു. പുതിയ സംഭവ വികാസങ്ങളിൽ കത്തോലിക്കരുടെ വേദനയും, ആശങ്കയും അറിയിച്ച സംഘം, നീതി ആവശ്യപ്പെടുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, രാജ്യസഭ സ്‌പീക്കർ പി.ജെ.കുര്യൻ എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. രാജ്‌നാഥ് സിങ് തങ്ങളുടെ ആശയങ്ങളോട് ക്രിയാത്‌മകമായാണ് പ്രതികരിച്ചതെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉറപ്പു നൽകിയതായും കർദിനാൾ പറഞ്ഞു.

സത്നയിൽ ഉണ്ടായ സംഭവ വികാസങ്ങൾക്കു ഒരു ന്യായീകരണവും കാണാൻ കഴിയുന്നില്ലെന്ന് കർദിനാൾ പറഞ്ഞു. “മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമായിരുന്നു അത്. മതപരിവർത്തന ആരോപണം അസ്ഥാനത്താണ്. കത്തോലിക്ക സഭ മതപരിവത്തനം പ്രോത്സാഹിപ്പിക്കുന്നില്ല.”

പൗരന്മാരുടെ സ്വാതന്ത്ര്യവും താൽപര്യങ്ങളും സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നിഷ്കളങ്കരെ സർക്കാർ സംരക്ഷിക്കണം. കുറ്റവാളികൾ രാജ്യത്തിന്റെ പ്രതിച്ഛായയാണ് തകർക്കുന്നത്. ഇവർ ശിക്ഷിക്കപ്പെടണം. “നമ്മൾ നാനാത്വത്തിലും ഐക്യത്തോടെ ജീവിക്കേണ്ടവരാണ്. ഒരുമയോടെ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാൻ ക്രിസ്തീയ സമൂഹം പ്രതിജ്ഞാബദ്ധമാണ്”. കർദിനാൾ ബസേലിയോസ് ക്ളീമിസ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ