ന്യൂഡൽഹി: ഭീകര പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഭീകരപ്രവർത്തനങ്ങളെന്നും മോദി പറഞ്ഞു.

ഭീകര പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുകയും അതിനായി സഹായങ്ങൾ നൽകുകയും ചെയ്യുന്ന രാജ്യങ്ങളും കുറ്റക്കാരാണെന്നും ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞു.

ഒരു രാജ്യത്തിന്റെയും പേര് പരാമർശിക്കാതെയാണ് മോദി വിമർശനമുന്നയിച്ചത്. എന്നാൽ, പാക്കിസ്ഥാനെ പരോക്ഷമായി വിമർശിക്കുകയായിരുന്നു ബ്രിക്‌സ് ഉച്ചകോടിയിൽ മോദി ചെയ്‌തത്.

Read Also: എന്താണ് എംആർഎൻഎ വാക്‌സിൻ? 

ബഹുസ്വരത വെല്ലുവിളികള്‍ നേരിടുകയാണെന്നും കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബ്രിക്സ് രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും വെര്‍ച്വല്‍ സമ്മേളനത്തില്‍ മോദി പറഞ്ഞു.

‘ആത്മനിർഭർ ഭാരത്’ പ്രചരണത്തിലൂടെ രാജ്യം ഒറ്റക്കെട്ടായി മുന്നേറുകയാണെന്ന് മോദി പറഞ്ഞു. കോവിഡാനന്തര ലോകത്തെ സാമ്പത്തിക ഭദ്രതയ്‌ക്കുവേണ്ടി ഇന്ത്യയ്‌ക്ക് കൂടുതൽ സംഭാവനകൾ നൽകാൻ സാധിക്കുമെന്നും മോദി പറഞ്ഞു.

കാലത്തിനൊത്ത മാറ്റമില്ലാത്തതിനാല്‍ രാജ്യാന്തരസംഘടനകളുടെ വിശ്വാസ്യത ചോദ്യമുനയിലാണെന്നും യുഎന്‍ രക്ഷാസമിതിയില്‍ മാറ്റം അനിവാര്യമാണെന്നും മോദി ആവശ്യപ്പെട്ടു.

കോവിഡ് വാക്‌സിൻ ഉല്‍പ്പാദിപ്പിക്കാനുള്ള ഇന്ത്യയുടെ ശേഷി മഹാമാരിക്കാലത്ത് ലോകരാജ്യങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കുമെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook