scorecardresearch
Latest News

യോഗി സർക്കാരിന്റെ ആറ് വർഷം: യുപിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 183 പേർ

ഏപ്രിൽ മാസത്തെ ആദ്യത്തെ 13 ദിവസത്തിനിടെ ഉത്തർപ്രദേശ് പൊലീസ് നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. ഫെബ്രുവരി 24ന് നടന്ന ഉമേഷ് പാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണിത്.

Yogi Govt, Encounter

കണക്കുകൾ  കഥ പറയുന്നു. 2017 മാർച്ചിൽ യോഗി ആദിത്യനാഥ് സർക്കാർ ആദ്യമായി അധികാരമേറ്റതിന് ശേഷം ഈ കാലയളവിനുള്ളിൽ 183 പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഗുണ്ടാസംഘത്തലവൻ ആതിഖ് അഹമ്മദിന്റെ 19 കാരനായ മകൻ അസദ് അഹമ്മദും സഹായിയും കൊല്ലപ്പെട്ടതാണ് അവസാനത്തെ സംഭവം. ഫെബ്രുവരി 24ന് നടന്ന  ഉമേഷ് പാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. ഏപ്രിലിൽ ആദ്യത്തെ 13 ദിവസത്തിനിടെ ഉത്തർപ്രദേശ് പൊലീസ് നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടൽ കൂടിയാണിത്.

പൊലീസ് കണക്കെടുപ്പ് നടത്തുകയാണ്. അതിനു കാരണമുണ്ട്. 2017 മാർച്ച് 19 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതു മുതൽ, ഏറ്റുമുട്ടൽ കൊല എന്ന വിവാദ പൊലീസ് ശൈലിക്ക് പിന്നിൽ യോഗി ആദിത്യനാഥ്  സ്വീകരിച്ച രാഷ്ട്രീയ നയമുണ്ടായിരുന്നു.  യോഗി മുഖ്യമന്ത്രി പദത്തിലേക്ക് അവരോധിക്കപ്പെട്ട്  രണ്ടാഴ്ചയ്ക്കുള്ളിൽ,  മാർച്ച് 31 ന് സഹരൻപൂരിലെ നന്ദൻപൂർ ഗ്രാമത്തിൽ വച്ച് കുറ്റവാളിയെന്ന് ആരോപിക്കപ്പെട്ട ഗുർമീതിനെ, യു പി പൊലീസ് കൊലപ്പെടുത്തി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ  സംബന്ധിച്ചിടത്തോളം ഇത്, ശൈലിയിലും ഉള്ളടക്കത്തിലും കുറ്റകൃത്യങ്ങളെ ഇല്ലാതാക്കാനുള്ള  ശക്തമായ ഉപകരണമായിരുന്നു, കുറ്റകൃത്യങ്ങൾ അടിച്ചമർത്തുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും ഇത് ഒരു പ്രതിരോധമാണെന്നും അദ്ദേഹം വിശ്വസിച്ചു. 2017 ജൂൺ മൂന്നിന്, ഇന്ത്യാ ടിവിയുടെ ആപ് കി അദാലത്ത് പരിപാടിയിൽ, കുറ്റവാളികൾ കുറ്റകൃത്യം ചെയ്താൽ, “അവരെ ഇല്ലാതാക്കും” എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും ഉന്മൂലനം ചെയ്യുമെന്ന വാഗ്ദാനം പാലിക്കുന്നതുമായി ബന്ധപ്പെട്ട്  2017 ന് ശേഷം നടക്കുന്ന 183-ാമത്തെ ഏറ്റുമുട്ടൽ കൊലപാതകമാണിത്,” എന്ന്  ക്രൈം ആൻഡ് ലോ ആൻഡ് ഓർഡർ സ്‌പെഷ്യൽ ഡിജിയായ പ്രശാന്ത് കുമാർ സ്ഥിരീകരിച്ചു. അസദ് അഹമ്മദും ഗുലാം ഹുസൈനും ഝാൻസിയിലെ ബഡാഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് കൊല്ലപ്പെട്ടതിന് ശേഷം യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് എഡിജി അമിതാഭ് യാഷിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുകയോ മുറിവേൽക്കുകയോ ചെയ്തവർ കൊടും കുറ്റവാളികളാണ്. കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും സഹിഷ്ണുത കാണിക്കരുതെന്ന മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് എസ്ടിഎഫും എടിഎസും ഉൾപ്പെടെയുള്ള എല്ലാ പൊലീസ് ഏജൻസികളും പ്രവർത്തിക്കുന്നത് ”പ്രശാന്ത് കുമാർ പറഞ്ഞു.

183 കൊലപാതകങ്ങൾക്ക് പുറമേ, പൊലീസ് ഓപ്പറേഷനിൽ പരിക്കേറ്റ് 5,046 കുറ്റവാളികളെ  അറസ്റ്റ് ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഉത്തർപ്രദേശിൽ, കാലിൽ വെടിയേറ്റ് കുറ്റവാളികൾ  കൊല്ലപ്പെടുന്ന ഏറ്റുമുട്ടലുകൾ പൊലീസുകാർക്കിടയിൽ മാത്രമല്ല, അധികാരത്തിന്റെ ഇടനാഴികളിലും ‘ഓപ്പറേഷൻ ലങ്ഡ’ എന്ന് അറിയപ്പെടുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ 13 പൊലീസുകാർ “രക്തസാക്ഷി”കളായതായും 1,443 പോലീസുകാർക്ക് പരിക്കേറ്റതായും ഔദ്യോഗിക കണക്കുകൾ പറയുന്നു.

ഈ ഏറ്റുമുട്ടലുകളെ രാഷ്ട്രീയനേട്ടത്തിനായി ആദ്യനാഥ് ഉപയോഗിച്ചിട്ടുണ്ട്. ഷാംലിയിൽ 2022 ജനുവരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് റാലിയിൽ സംസ്ഥാനത്തെ മാഫിയപ്രവർത്തനങ്ങൾക്കും അരിക്ഷിതാവസ്ഥയ്ക്കും കലാപങ്ങളും ഉണ്ടാക്കുന്നതിനായി പ്രവർത്തിക്കുന്നവരെ പരാമർശിച്ച് യോഗി പ്രസംഗിച്ചു. “മാർച്ച് പത്തിന് ശേഷം അവരെ നിശബ്ദരാക്കും” എന്നായിരുന്നു അദ്ദേഹം നൽകിയ മുന്നറിയിപ്പ്.

അടുത്തിടെ, ഫെബ്രുവരി 25 ന്, ഉമേഷ് പാലും രണ്ട് തോക്കുധാരികളും കൊല്ലപ്പെട്ട പ്രയാഗ്‌രാജ് വെടിവയ്പ്പ് കഴിഞ്ഞ അടുത്ത ദിവസം,” ഈ മാഫിയയെ തവിടുപൊടിയാക്കും” എന്ന് ആദിത്യനാഥ്  പ്രഖ്യാപിച്ചു. കണക്കുകൾ പ്രകാരം, 2018-ലാണ് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത്. യോഗി മുഖ്യമന്ത്രിയായതിന്റെ രണ്ടാം വർഷമായിരുന്നു ഇത്. മാത്രമല്ല, ലോക്‌സഭാ തിരിഞ്ഞെടുപ്പിന് ഒരു വർഷം മുമ്പും. ഏറ്റവും കുറവ് കൊലപാതകം നടന്നത് 2022ലാണ്. അത് അദ്ദേഹം രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട വർഷമാണ്.  കുറ്റവാളികളോട് കർക്കശമായി ഇടപെടുന്ന നിലപാടുകാരനാണ് താനെന്ന പ്രതിച്ഛായ അദ്ദേഹത്തിന് സൃഷ്ടിക്കാൻ സാധിച്ചു.  ക്രമസമാധാനത്തിന്റെ കാര്യത്തിൽ യുപി ഏറ്റവും മികച്ച സംസ്ഥാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അവകാശപ്പെട്ടു.. 


Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Count in six years of yogi government jhansi killing up police encounter no 183