ന്യൂഡൽഹി: ദീപാവലിക്ക് ശേഷം അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ പ്രഭാതസവാരിക്ക് പോലും പോവാന്‍ കഴിയുന്നില്ലെന്ന് സുപ്രിംകോടതി ജഡ്ജി. പൊതുജനങ്ങളുടെ ആരോഗ്യം തകരാറിലാണെന്നു കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടു ചൂണ്ടിക്കാട്ടുകയായിരുന്നു ജസ്റ്റീസ് അരുണ്‍ മിശ്ര.
‘ഡല്‍ഹിയില്‍ എന്താണ് സംഭവിക്കുന്നത്? എത്രമാത്രമാണ് അവിടെ മലിനീകരണം. വീടുകളില്‍ നിന്ന് പോലും പുറത്തിറങ്ങാനാവുന്നില്ല. നേരത്തേ എഴുന്നേറ്റ് പ്രഭാതസവാരിക്ക് പോവുന്നയാളാണ് ഞാന്‍. എന്നാല്‍ മലിനീകരണം കാരണം എനിക്ക് അതിന് സാധിക്കുന്നില്ല,’ ജസ്റ്റീസ് അരുണ്‍ മിശ്ര പറഞ്ഞു. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വളരെ മോശം എന്ന വിഭാഗത്തിൽനിന്ന് അതീവ ഗുരുതരം എന്നതിലേക്ക് ഉയർന്നതു ചൂണ്ടിക്കാട്ടിയാണു ജസ്റ്റീസ് അരുണ്‍ മിശ്ര ഈ നിരീക്ഷണം നടത്തിയത്.
അതേസമയം, അന്തരീക്ഷ മലിനീകരണം ഇതേ രീതിയിൽ തുടർന്നാൽ പ്രകൃതിവാതകം ഉപയോഗിക്കാത്ത വാഹനങ്ങൾക്കു നഗരത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ആലോചിക്കുന്നുണ്ടെന്ന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അഥോറിറ്റി (ഇപിസിഎ) അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിമാർക്കു കത്തയച്ചിട്ടുണ്ടെന്നും അഥോറിറ്റി വ്യക്തമാക്കി